Friday, April 17, 2026

നിക്ഷേപകരെ ആകർഷിക്കാൻ ‘കാനഡ ഇൻക്’; നിർണായക ചുവടുമായിപ്രധാനമന്ത്രി മാർക്ക് കാർണി

ടൊറന്റോ: ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കാനഡയെ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മാർക്ക് കാർണി ‘ഇൻവെസ്റ്റ് ഇൻ കാനഡ’ ഉച്ചകോടി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ 100 നിക്ഷേപക സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബറിൽ ടൊറന്റോയിലാണ് ഉച്ചകോടി നടക്കുക. ബ്ലാക്ക് റോക്ക് പോലുള്ള പ്രമുഖ സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളും സിംഗപ്പൂരിലെ ജി.ഐ.സി (GIC) ഉൾപ്പെടെയുള്ള സോവറിൻ വെൽത്ത് ഫണ്ടുകളും ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ട്രില്യൺ കണക്കിന് ഡോളർ മൂലധനം നിയന്ത്രിക്കുന്ന പദവികളാണ് ഇവർക്കുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും വ്യാപാര അസ്ഥിരതകൾക്കിടയിലും കാനഡ ഒരു വിശ്വസനീയമായ നിക്ഷേപ കേന്ദ്രമാണെന്ന് പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ അവത രിപ്പിക്കുന്നു. കാനഡ വീണ്ടും നിക്ഷേപ സൗഹൃദമായി മാറിയിരിക്കുന്നു എന്നാണ്‌ സർക്കാർ വക്താക്കൾ മുന്നോട്ടുവയ്‌ക്കുന്ന ആശയം. ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്ററുകൾ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ എന്നിവയിലാണ് കാനഡ പ്രധാനമായും നിക്ഷേപം പ്രതീക്ഷിക്കുന്നത്. മോൺട്രിയൽ പോർട്ട് ടെർമിനൽ, സസ്കാച്ചുവാനിലെ ഫോറൻ കോപ്പർ മൈൻ തുടങ്ങിയ പദ്ധതികൾ ഇതിൽ പ്രധാനമാണ്.

മുൻകാലങ്ങളിൽ നേരിട്ടിരുന്ന കടുത്ത നിയന്ത്രണങ്ങളും കാലതാമസവും ഒഴിവാക്കാൻ ‘മേജർ പ്രോജക്ട്സ് ഓഫീസ്’എന്ന പേരിൽ പുതിയ സംവിധാനത്തിന് കാർണി സർക്കാർ രൂപം നൽകിയിട്ടുണ്ട്. പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതേ സമയം കാനഡയിലെ ബിസിനസ് ഗ്രൂപ്പുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം പദ്ധതികൾ എത്രത്തോളം വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഭവന നിർമ്മാണ മേഖലയിലും പ്രതിരോധ രംഗത്തും കൂടുതൽ നിക്ഷേപം അനിവാര്യമായ സാഹചര്യത്തിലാണ് ഈ ഉച്ചകോടി ആസൂത്രണം ചെയ്യുന്നത്‌. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (CPPIB), പി.എസ്.പി (PSP) എന്നിവയുമായി സഹകരിച്ചാണ് സെപ്റ്റംബർ പകുതിയോടെ ഈ ബൃഹത്തായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. മാർക്ക് കാർണി അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക നയതന്ത്ര നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!