Thursday, April 23, 2026

66% ഇടിവ്: ഗള്‍ഫ് വ്യാപാരത്തില്‍ തിരിച്ചടി നേരിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മാര്‍ച്ചിലെ കയറ്റുമതിയില്‍ 7.4 ശതമാനവും ഇറക്കുമതിയില്‍ 6.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഫെബ്രുവരി അവസാന വാരം ആരംഭിച്ച സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഊര്‍ജ പ്രതിസന്ധിയുണ്ടായതുമാണ് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ വന്‍ കുറവുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ 37.3% മുതല്‍ 66.3% വരെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ, മുന്‍പ് ശരാശരി 1,140 കോടി ഡോളറായിരുന്ന പ്രതിമാസ ഇറക്കുമതി മാര്‍ച്ചില്‍ 620 കോടി ഡോളറായി ചുരുങ്ങി.

ഈ പ്രതിസന്ധി ഇന്ത്യയുടെ വ്യാപാര പങ്കാളികളുടെ മുന്‍ഗണനാ പട്ടികയിലും മാറ്റം വരുത്തിയിട്ടുണ്ട്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന യു.എ.ഇ നാലാം സ്ഥാനത്തേക്കും, ആറാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ ഇരുപതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ ആകെ എണ്ണ-വാതക ഇറക്കുമതിയുടെ 40 ശതമാനവും ഗള്‍ഫ് മേഖലയെ ആശ്രയിച്ചായതിനാല്‍ നിലവിലെ സാഹചര്യം രാജ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ബസുമതി അരിയുടെ കയറ്റുമതിയെയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!