വൻകൂവർ: ആമസോണിന്റെ ‘ഫുൾഫിൽമെന്റ്’സേവനങ്ങൾ ഉപയോഗിക്കുന്ന കനേഡിയൻ കമ്പനികൾക്ക് ഇന്ന് (വെള്ളി) മുതൽ പുതിയ സർചാർജ് ബാധകം. വർധിച്ചുവരുന്ന ഇന്ധനക്ഷാമവും ലോജിസ്റ്റിക്സ് ചിലവുകളും കണക്കിലെടുത്താണ് 3.5 ശതമാനം അധിക സർചാർജ് ഏർപ്പെടുത്താൻ ആമസോൺ തീരുമാനിച്ചത്.
ആമസോൺ വഴി സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനും ഷിപ്പ് ചെയ്യുന്നതിനും ഈടാക്കുന്ന ഫീസിന്മേലാണ് 3.5 ശതമാനം സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നതും സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള ചിലവ് ഉയർന്നതുമാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

ഈ അധിക ചിലവ് വ്യാപാരികൾക്ക് തനിച്ച് വഹിക്കാൻ കഴിയില്ല എന്നതിനാൽ, വരും ദിവസങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് ഇത് സാധാരണ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ മുന്നറിയിപ്പ് നൽകി. ഇതുവരെ ഇത്തരം വിലവർധനവുകൾ ആമസോൺ നേരിട്ട് വഹിക്കുകയായിരുന്നു എന്നും നിലവിലെ സാഹചര്യത്തിൽ ഒരു ഭാഗമെങ്കിലും തിരിച്ചുപിടിക്കാൻ ഈ അധിക ഫീസ് അനിവാര്യമാണെന്നും ആമസോൺ പ്രസ്താവനയിൽ അറിയിച്ചു. ആമസോൺ മാത്രമല്ല, മറ്റ് പ്രധാന ഇ-കൊമേഴ്സ് സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ സമാനമായ വിലവർധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
