Friday, April 17, 2026

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല; വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

ന്യൂഡൽഹി∙ വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടായിരുന്നു കുറഞ്ഞത്‌. പ്രതിപക്ഷം എതിർക്കുന്നത് വനിതാ സംവരണത്തെയല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്ന്‌ ഇതുസംബന്ധിച്ച ചർച്ചയിൽ അമിത് ഷാ പറഞ്ഞു. 2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനേയും എതിർക്കുകയാണ്. ലോക്സഭ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്കരണത്തിനുമുള്ള സർക്കാരിന്റെയും നമ്മുടെ നേതാവ് നരേന്ദ്ര മോദിജിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണെന്നും അമിത്‌ ഷാ പറഞ്ഞു. 1972ന് ശേഷമുള്ള ജനസംഖ്യാ വർധനവ് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മണ്ഡല പുനർനിർണയം മരവിപ്പിച്ചു നിർത്തിയത് മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും സംസാരിച്ചു. മണ്ഡല പുനർനിർണയത്തിനായി ജനങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്താൽ, ഈ നടപടിയുമായി മുന്നോട്ട് പോകാൻ ഞങ്ങളെ അനുവദിച്ചാൽ, വോട്ടിന്റെ മൂല്യം രാജ്യത്തുടനീളം തുല്യമാകുമെന്ന് പറയാൻ ആഗ്രഹിക്കുന്നതായും എന്നാൽ പ്രതിപക്ഷത്തുള്ളപ്പോഴും ഭരണപക്ഷത്തുള്ളപ്പോഴും കോൺഗ്രസ് വനിതാസംവരണത്തെ എതിർത്തുവെന്നും അമിത്‌ ഷാ പറഞ്ഞു. വനിതാ സംവരണവും മണ്ഡല പുനർനിർണയവും ലക്ഷ്യമിടുന്നത് 2029 ഓടെ ജനസംഖ്യയുടെ 50 ശതമാനത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ്. ഒരു എംപിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് ഓരോ മണ്ഡലങ്ങളിലും നിലവിലെ ജനസംഖ്യ. പാർലമെന്റിന്റെ സമയം പ്രതിപക്ഷം പാഴാക്കുകയാണെന്നും കുറ്റപ്പെ‌ടുത്തി.


ജാല വിദ്യക്കാരൻ ഒടുവിൽ പിടിക്കപ്പെട്ടു എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്‌. ബാലക്കോട്ടും ഓപ്പറേഷൻ സിന്ദൂറും ജാലവിദ്യയാണ്. മാജിക്കുകാരനും ബിസിനുകാരനും തമ്മിൽ ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തി. രാഹുൽ മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. സഭയിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ‌ ഓം ബിർളയും പറഞ്ഞു. വനിതാ സംവരണ ബില്ലിലെ ഭേദഗതി മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെടുത്തി ഇപ്പോൾ കൊണ്ടുവരുന്നതിനു പിന്നിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബില്ലിന്റെ ഭേദഗതിക്കുമേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്ത്രീകളെ ഒരു മറയാക്കി ഉപയോഗിച്ച് ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണെന്നും പ്രധാനമന്ത്രിക്കും തനിക്കും ഭാര്യമാരില്ലാത്തതുകൊണ്ട് ആ ഒരു വശത്തുനിന്നുള്ള ഉപദേശങ്ങൾ കിട്ടാറില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ പരിസഹിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. എങ്കിലും ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട് എന്ന രാഹുലിന്റെ പരാമർശം സഭയിൽ ചിരിപടർത്തി. കൂടാതെ, കഴിഞ്ഞ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് സാധിക്കാത്ത ഒരു കാര്യം തന്റെ സഹോദരി പ്രിയങ്ക ഗാന്ധി സാധിച്ചു എന്നും, അത് അമിത് ഷായെ ചിരിപ്പിക്കുക എന്നതായിരുന്നു എന്നും കഴിഞ്ഞദിവസത്തെ പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!