Saturday, April 18, 2026

”ആൽബർട്ടയിൽ ഇന്ധന നികുതി തുടരും, തീരുമാനം ജൂലൈയിൽ മാത്രം”: ഡാനിയേൽ സ്മിത്ത്

എ‍ഡ്മിന്റൻ: പ്രവിശ്യയിലെ ഇന്ധന നികുതി ജൂലൈ മാസം വരെ കുറയ്ക്കില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഫെഡറൽ സർക്കാർ ഗ്യാസ്, ഡീസൽ നികുതികൾ സെപ്റ്റംബർ 7 വരെ നിർത്തിവെച്ചുകൊണ്ട് ഡ്രൈവർമാർക്ക് ലിറ്ററിന് 10 സെന്റ് വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രവിശ്യാ സർക്കാരിന്റെ 13 സെന്റ് നികുതി ജൂലൈ വരെ തുടരുമെന്ന് തന്റെ റേഡിയോ പരിപാടിയായ ‘യുവർ പ്രീമിയർ, യുവർ പ്രവിശ്യ’യിൽ സംസാരിക്കവേ പ്രീമിയർ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന അസ്ഥിരത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു.

റോഡ് പരിപാലനത്തിനായി പ്രവിശ്യയ്ക്ക് ലഭിക്കുന്ന 1.7 ബില്യൺ ഡോളർ ഫണ്ട് ഈ നികുതിയിൽ നിന്നാണെന്ന് സ്മിത്ത് വിശദീകരിച്ചു. വരുമാനത്തിൽ വലിയ വർധനവുണ്ടായാൽ അത് നികുതിദായകർക്ക് തിരികെ നൽകാൻ സർക്കാർ തയ്യാറാണ്, എന്നാൽ സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിലെ വരുമാനം പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അവർ പറഞ്ഞു. മെയ് 15 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ എണ്ണവില 90 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ, അടുത്ത പാദത്തിൽ 13 സെന്റ് നികുതി പൂർണ്ണമായും ഒഴിവാക്കുമെന്ന് പ്രീമിയർ ഉറപ്പുനൽകി.

അതേസമയം, നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ എൻഡിപിയും കനേഡിയൻ ടാക്‌സ് പേയേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാർ കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്നും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി ആവശ്യപ്പെട്ടു. ഫെഡറൽ സർക്കാർ ആശ്വാസം നൽകാൻ തയ്യാറായപ്പോൾ, ആൽബർട്ട സർക്കാർ നികുതി കുറയ്ക്കാൻ വൈമുഖ്യം കാണിക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്ന് ടാക്‌സ് പേയേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ഫ്രാങ്കോ ടെറാസാനോയും കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!