Sunday, April 19, 2026

ന്യൂഫിലൻഡിലെ കാർഷിക മേഖല പ്രതിസന്ധിയിൽ; അടിയന്തര സഹായം തേടി കർഷകർ

സെന്റ് ജോൺസ്: ആഗോള സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം പ്രതിസന്ധിയിലായ ന്യൂഫിലൻഡ് ആൻഡ് ലാബ്രഡോറിലെ കാർഷിക മേഖലയെ സംരക്ഷിക്കാൻ പ്രവിശ്യാ സർക്കാർ അടിയന്തര സഹായം നൽകണമെന്ന് കർഷക പ്രതിനിധികൾ. പശ്ചിമേഷ്യയിലെ യുദ്ധം കാരണം വളത്തിന്റെ വില കുത്തനെ ഉയർന്നതും കാലാവസ്ഥാ വ്യതിയാനവും പ്രവിശ്യയിലെ ഭക്ഷ്യ ഉൽപാദനത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയരുന്നത്.

കഴിഞ്ഞ വർഷമുണ്ടായ ഉഷ്ണതരംഗവും കാട്ടുതീയും കർഷകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വളത്തിന്റെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സവും ഇന്ധന സർചാർജ് വർധനവും ഇറക്കുമതി ചെലവ് കുത്തനെ കൂട്ടി. നിലവിലെ സാഹചര്യത്തിൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ ‘വള ഫണ്ട്’ (Fertilizer Fund) പുനരാരംഭിക്കണമെന്നും യുവ കർഷകർക്ക് നികുതി ഇളവുകൾ നൽകണമെന്നും ന്യൂഫിലൻഡ് ആൻഡ് ലാബ്രഡോർ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ പ്രസിഡന്റ് വെയ്ൻ സിമ്മൺസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 20 വർഷത്തിനിടെ പ്രവിശ്യയിലെ കൃഷിഭൂമിയുടെ പകുതിയോളം നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃഷിഭൂമികൾ വികസന പ്രവർത്തനങ്ങൾക്കായി മാറ്റുന്നതും ലീസ് വ്യവസ്ഥയിലെ പോരായ്മകളും ഈ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഫുഡ് പ്രൊഡ്യൂസേഴ്സ് ഫോറം വ്യക്തമാക്കുന്നു. അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും 50 വർഷത്തെ പാട്ട വ്യവസ്ഥ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും കൃഷി വകുപ്പ് അറിയിച്ചു. എങ്കിലും, സ്കൂളുകളും ആശുപത്രികളും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റം വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!