Sunday, April 19, 2026

യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നു, ഡീൽ സ്വീകരിച്ചില്ലെങ്കിൽ ഇറാനെ തകർക്കും; ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചയ്ക്കായി തന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും തകർത്തുകളയും എന്നും ട്രംപ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ നടത്തിയ വെടിവെപ്പ്, വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചയ്ക്കായിട്ടാണ് യുഎസ് പ്രതിനിധിസംഘം പോകുന്നത്. ഇറാൻ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല.

‘ഇന്നലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർക്കാൻ തീരുമാനിച്ചു – നമ്മുടെ വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണിത്! അവയിൽ പലതും ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വെച്ചായിരുന്നു. അത് നന്നായിരുന്നില്ല, അല്ലേ? എന്റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോകുന്നു. ചർച്ചകൾക്കായി അവർ നാളെ വൈകുന്നേരം അവിടെയെത്തും’ ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.ഹോർമുസ് കടലിടുക്ക് അടച്ചിടുകയാണെന്ന ഇറാന്റെ പ്രഖ്യാപനത്തെ ട്രംപ് പരിഹസിക്കുകയും ചെയ്തു.

‘ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതായി ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചു, ഇത് വിചിത്രമാണ്, കാരണം നമ്മുടെ ഉപരോധം ഇതിനകം അതിനെ അടച്ചിട്ടുണ്ട്. അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ്, അടഞ്ഞ പാതയിൽ ദിവസം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് അവർക്കുള്ളത്. അമേരിക്കയ്ക്ക് നഷ്ടമൊന്നും ഇല്ല’ ട്രംപ് പറഞ്ഞു.

വാസ്തവത്തിൽ പല കപ്പലുകളും അമേരിക്കയിലേക്ക് എണ്ണ നിറയ്ക്കാനായി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ഭീഷണിയോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!