ഓട്ടവ: ഡോണൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്ക ഒരു സഖ്യകക്ഷിയേക്കാൾ സാമ്പത്തിക ശത്രുവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പഴയ കരുത്തായിരുന്ന അമേരിക്കയുമായുള്ള ബന്ധം ഇപ്പോൾ രാജ്യത്തിന്റെ ബലഹീനതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ പുറത്തുവിട്ട പ്രീ-റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് കാനഡ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. ലോകം കൂടുതൽ അപകടകരമാംവിധം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും രാജ്യാന്തര ബന്ധങ്ങളിലും ദേശീയ തന്ത്രങ്ങളിലും കാനഡ അടിമുടി മാറ്റം വരുത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. താൻ മുന്നോട്ടുവെക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന്റെ പ്രതിസന്ധികളെ താൻ ഒരിക്കലും ലഘൂകരിച്ചു കാണില്ലെന്നും കാർണി വ്യക്തമാക്കി.

മഹാമാന്ദ്യത്തിന് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത വിധം അമേരിക്ക താരിഫുകൾ കുത്തനെ ഉയർത്തിയത് കാനഡയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള കാനഡയുടെ അടുത്ത ബന്ധം മുൻകാലങ്ങളിൽ വലിയ ശക്തിയായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് തിരുത്തപ്പെടേണ്ട ഒന്നായി മാറിയിരിക്കുന്നു. ഓട്ടോമൊബൈൽ, സ്റ്റീൽ, തടി എന്നീ വ്യവസായ മേഖലകളിലെ തൊഴിലാളികൾ അമേരിക്കൻ താരിഫ് നയങ്ങൾ കാരണം കടുത്ത ഭീഷണി നേരിടുകയാണ്. ഈ അനിശ്ചിതത്വം കാരണം കാനഡയിലെ വ്യാപാര മേഖലയിൽ നിക്ഷേപങ്ങൾ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മാറിയ സമീപനത്തിന് അനുസൃതമായി കാനഡയും പ്രതികരിക്കേണ്ടതുണ്ട്. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ പ്രഖ്യാപിച്ച ‘കാനഡ സ്ട്രോങ്ങ്’ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും കാർണി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അമേരിക്കയുടെ പുതിയ സാമ്പത്തിക നയങ്ങളിൽ നിന്നും കാനഡയെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനാണ് ലിബറൽ സർക്കാർ ശ്രമിക്കുന്നത്. കാനഡയുടെ ഭാവി സുരക്ഷിതമാക്കാൻ പുതിയൊരു ദേശീയ തന്ത്രം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
