ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. രാംനഗറിൽനിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു. പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിമാനമാർഗം ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്’– അദ്ദേഹം എക്സിൽ കുറിച്ചു.

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരുക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിനും എസ്ഡിആർഎഫിനും ആരോഗ്യ വകുപ്പിനും നിർദ്ദേശം നൽകി. പരുക്കേറ്റവരെ ഉധംപുരിലെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
