ടൊറന്റോ: കാനഡയിലെ ഓഫീസ്, ഇൻഡസ്ട്രിയൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുടെ ഒഴിവുള്ള ഇടങ്ങളുടെ തോത് കുറഞ്ഞതായി റിപ്പോർട്ട്. 2020-ന് ശേഷം ആദ്യമാണ് ഇത്തരത്തിലൊരു മാറ്റം പ്രകടമാകുന്നത്. ഓഫീസ് മേഖലയിലെ ഒഴിവുള്ള നിരക്ക് 13.6 ശതമാനമായും ഇൻഡസ്ട്രിയൽ മേഖലയുടേത് 3.5 ശതമാനമായും കുറഞ്ഞു. ഓഫീസുകളിലേക്കുള്ള ജീവനക്കാരുടെ മടങ്ങിവരവും പുതിയ നിർമ്മാണ പ്രവർത്തനങ്ങളിലെ മന്ദതയുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

പുതിയ ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം വൻതോതിൽ കുറഞ്ഞതും, പഴകിയ ഓഫീസ് സ്ഥലങ്ങളെ താമസ ആവശ്യങ്ങൾക്കായി മാറ്റുന്നതും ഭാവിയിൽ ഒഴിവുള്ള സ്ഥലങ്ങൾ ഇനിയും കുറയാൻ സഹായിക്കുമെന്ന് റിയൽ എസ്റ്റേറ്റ് അധികൃതർ പറഞ്ഞു. അതേസമയം, ഇൻഡസ്ട്രിയൽ വിപണിയും ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ വർഷത്തെ വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും വിപണിയിൽ പുതിയ വ്യാവസായിക ഇടങ്ങൾ വേഗത്തിൽ ആവശ്യക്കാരുടെ കൈകളിലെത്തുന്നുണ്ട്. എങ്കിലും, കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) പുനർചർച്ചകൾ സംബന്ധിച്ചുള്ള ആശങ്കകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്. കരാറിലെ അനിശ്ചിതത്വം കാരണം വരും മാസങ്ങളിൽ വാടക കരാറുകളിൽ ചെറിയ മന്ദത ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
