ഓട്ടവ: കാനഡ-യുഎസ് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2025 ജനുവരിയിൽ രൂപീകരിച്ച സമിതിക്ക് പകരം ‘അഡ്വൈസറി കമ്മിറ്റി ഓൺ കാനഡ-യു.എസ് ഇക്കണോമിക് റിലേഷന്സ്’എന്ന പേരിലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. മുൻ കൺസർവേറ്റീവ് പാർട്ടി ലീഡർ എറിൻ ഓ’ ടൂൾ, മുൻ ലിബറൽ മന്ത്രിയും യു.കെയിലെ ഹൈക്കമ്മീഷണറുമായിരുന്ന റാൽഫ് ഗുഡേൽ, മുൻ കൺസർവേറ്റീവ് മന്ത്രി ലിസ റെയ്റ്റ്, നൂനവൂട്ട് മുൻ പ്രീമിയർ പി.ജെ. അക്കീഗോഗ് തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചു. വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ അധ്യക്ഷനാകുന്ന ഈ സമിതിയിൽ മുൻ കെബെക്ക് പ്രീമിയർ ജീൻ ചാരെസ്റ്റ്, യൂണിയൻ നേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഗ്രൂപ്പാണുള്ളതെന്ന് പാർലമെന്റ് ഹില്ലിൽ പ്രധാനമന്ത്രി പറഞ്ഞു.

വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന കാനഡ-യുഎസ് -മെക്സിക്കോ കരാറിന്റെ (CUSMA) പുനരവലോകനത്തിന് മുന്നോടിയായി സർക്കാരിന് കൃത്യമായ ഉപദേശങ്ങൾ നൽകുകയാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം. ഊർജ്ജം, വനം, ഗതാഗതം, ധനകാര്യം തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരെയും ഇത്തവണ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ബിസിനസ്സ് നേതാക്കൾക്ക് സാധിക്കുമെന്ന് സമിതി അംഗമായ ലിസ റെയ്റ്റ് അഭിപ്രായപ്പെട്ടു. സാംസ്കാരിക മേഖലയെ പ്രതിനിധീകരിച്ച് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ കാമറൂൺ ബെയ്‌ലിയും സമിതിയുടെ ഭാഗമായിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് രംഗത്തെത്തി. തന്ത്രപരമായ ധാതു-എണ്ണ ശേഖരം വർധിപ്പിച്ച് അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് പകരം പ്രധാനമന്ത്രി കാനഡയുടെ വിലപേശി നേടുന്ന രീതി നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഊർജ്ജ നിക്ഷേപങ്ങളെ തടയുന്ന നയങ്ങൾ മാറ്റാനോ പുതിയ ഓയിൽ പൈപ്പ് ലൈനുകൾക്ക് അനുമതി നൽകാനോ സർക്കാർ തയ്യാറായിട്ടില്ലെന്നും പൊളിയേവ് കുറ്റപ്പെടുത്തി.
