മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പ്രശസ്തമായ ടിയോട്ടിഹുവാക്കൻ പിരമിഡ് മേഖലയിലുണ്ടായ വെടിവയ്പ്പിൽ കനേഡിയൻ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന് മെക്സിക്കൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിക്ക് അമേരിക്കയിലെ കുപ്രസിദ്ധമായ കൊളംബൈൻ ഹൈസ്‌കൂൾ വെടിവയ്പ്പുമായി ബന്ധള്ളതായി അധികൃതർ വെളിപ്പെടുത്തി. 27 വയസ്സുകാരനായ മെക്സിക്കൻ സ്വദേശി ജൂലിയോ സീസർ ജാസ്സോയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പിന്നീട് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.

പ്രതിയുടെ ബാഗിൽ നിന്ന് അനലോഗ് സെൽഫോണും ബസ് ടിക്കറ്റുകളും കണ്ടെടുത്തതായി മെക്സിക്കോ സ്റ്റേറ്റ് അറ്റോർണി ജനറൽ ജോസ് ലൂയിസ് സെർവാന്റസ് മാർട്ടിനസ് പറഞ്ഞു. 1999 ഏപ്രിലിൽ അമേരിക്കയിൽ നടന്ന കൊളംബൈൻ സ്കൂൾ വെടിവയ്പ്പിനെ സൂചിപ്പിക്കുന്ന ചിത്രങ്ങളും കയ്യെഴുത്തുപ്രതികളും ഇയാളുടെ പക്കലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാമിനോട് നന്ദി അറിയിച്ചു. അന്വേഷണത്തിൽ മെക്സിക്കൻ പ്രസിഡന്റ് നൽകുന്ന പ്രത്യേക ശ്രദ്ധയെ അദ്ദേഹം പ്രശംസിച്ചു. കൊല്ലപ്പെട്ട വിനോദസഞ്ചാരിയുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
അന്വേഷണം വേഗത്തിലാക്കുമെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകിയതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. നിലവിൽ ഒരു കനേഡിയൻ യുവതി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കനേഡിയൻ കോൺസുലർ ഉദ്യോഗസ്ഥർ മെക്സിക്കോയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മെക്സിക്കോയിലേക്കുള്ള യാത്രാ നിർദ്ദേശങ്ങൾ പരിഷ്കരിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
