ടൊറന്റോ: കിച്ചനറിലെ സിറ്റി കൗൺസിലർമാരുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്താൻ അംഗീകാരം നൽകി കൗൺസിൽ കമ്മിറ്റി. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ കൗൺസിലർമാർക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ വേതനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം. സാധാരണക്കാർക്കും സിംഗിൾ പാരന്റുകൾക്കും ഈ പദവിയിൽ തുടരാൻ സാമ്പത്തിക ഭദ്രത അത്യാവശ്യമാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഉയർന്ന ഇന്ധന-ഭക്ഷ്യവിലക്കയറ്റം സാധാരണക്കാരെപ്പോലെ തങ്ങളെയും ബാധിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും കൗൺസിലർമാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, മേയറുടെ ശമ്പളത്തിൽ ആദ്യം നിർദ്ദേശിച്ചിരുന്ന 29.3% വർധന, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് 10.3 ശതമാനമായി മേയർ ബെറി വ്രബനോവിക് തന്നെ കുറയ്ക്കുകയായിരുന്നു.

ഇതോടെ മേയറുടെ വാർഷിക ശമ്പളം 1,33,752 ഡോളറായും, കൗൺസിലർമാരുടേത് 68,803 ഡോളറായും നിശ്ചയിച്ചു. 2026 നവംബർ 15-ന് ആരംഭിക്കുന്ന അടുത്ത ടേം മുതൽ ഈ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരും.
