എഡ്മിന്റൻ: ആൽബർട്ടയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന മൂന്ന് ശതമാനം തീരുവ ഒഴിവാക്കാൻ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച് പ്രീമിയർ ഡാനിയൽ സ്മിത്ത്. കാനഡയിൽ നിന്ന് കയറ്റി അയക്കുന്ന ക്രൂഡ് ഓയിൽ (ബിറ്റുമെൻ) കനേഡിയൻ ഉൽപ്പന്നമായി അംഗീകരിച്ചുകൊണ്ടാണ് ഈ കരാർ സാധ്യമാക്കിയത്. ഇത് ആൽബർട്ടയിലെ ഊർജ്ജ ഉൽപ്പാദകർക്ക് ദക്ഷിണ കൊറിയൻ വിപണിയിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കാൻ സഹായിക്കും.
കഴിഞ്ഞ വർഷം ആൽബർട്ടയിൽ നിന്ന് ഏകദേശം 400 മില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയച്ചത്. എന്നാൽ തീരുവ ഒഴിവാക്കിയതോടെ, പ്രതിവർഷ കയറ്റുമതി മൂല്യം 400 മില്യൺ മുതൽ 1 ബില്യൺ ഡോളർ വരെയായി വർദ്ധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഊർജ്ജ മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനും ഈ കരാർ സഹായിക്കുമെന്ന് പ്രീമിയർ സ്മിത്ത് പറഞ്ഞു.

2035-ഓടെ പ്രവിശ്യയിലെ എണ്ണ, പ്രകൃതിവാതക ഉൽപ്പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ കരാർ. ബ്രിട്ടിഷ് കൊളംബിയ തീരത്തേക്കുള്ള പൈപ്പ്‌ലൈൻ ശേഷി വർദ്ധിപ്പിച്ചതോടെ, ദക്ഷിണ കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 500 ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അൽബെർട്ടയും ദക്ഷിണ കൊറിയയും തമ്മിലുള്ള മൊത്തം വ്യാപാരം 1.8 ബില്യൺ ഡോളറിൽ എത്തിനിൽക്കെ, ഈ പുതിയ നടപടി ഊർജ്ജ വിതരണ ശൃംഖലയെ കൂടുതൽ സുഗമമാക്കും.
