ഓട്ടവ: കാനഡയിൽ ശൈത്യകാലത്തിന് ശേഷം ചൂട് വർദ്ധിച്ചതോടെ ടിക് സീസൺ (Tick Season) നേരത്തെ ആരംഭിച്ചതായി ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സാധാരണയായി ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന സീസൺ ഇത്തവണ നേരത്തെയായത് ലൈം ഡിസീസ് (Lyme disease) ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഭീഷണി വർദ്ധിപ്പിക്കുന്നു.
ശൈത്യകാലത്തെ കഠിനമായ മഞ്ഞുവീഴ്ച ടിക്കുകൾക്ക് ഒരു ഇൻസുലേഷൻ പോലെ സംരക്ഷണം നൽകിയെന്നും, ചൂട് കൂടിയതോടെ ഇവ വേഗത്തിൽ സജീവമായെന്നും മൗണ്ട് ആലിസൺ യൂണിവേഴ്സിറ്റി പ്രൊഫസർ വെറ്റ് ലോയ്ഡ് ചൂണ്ടിക്കാട്ടുന്നു. കാനഡയിൽ ടിക്കുകൾ വഴി പകരുന്ന പ്രധാന രോഗം ലൈം ഡിസീസാണ്. എന്നാൽ അനാപ്ലാസ്മോസിസ്, ബേബേഷ്യോസിസ്, റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ എന്നിവയും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കഠിനമായ ക്ഷീണം, സന്ധിവേദനയും വീക്കവും, നാഡി വേദന, മുഖത്തിന്റെ ഒരു വശത്തോ ഇരുവശത്തോ ഉണ്ടാകുന്ന തളർച്ച (Facial paralysis), പ്രകാശത്തോടുള്ള സെൻസിറ്റിവിറ്റി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പുറത്ത് സമയം ചെലവഴിച്ച ശേഷം ശരീരത്തിൽ ടിക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഒരു ദിനചര്യയാക്കി മാറ്റണം.
വന്യജീവികളിൽ നിന്നാണ് ഇത്തരം ബാക്ടീരിയകളും വൈറസുകളും ടിക്കുകൾ ശേഖരിക്കുന്നത് എന്നതിനാൽ ശ്രദ്ധിക്കുക. വർഷത്തിലെ ഏത് മാസത്തിലും ഇവ സജീവമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കണം. കാനഡയുടെ പല ഭാഗങ്ങളിലും ലൈം രോഗസാധ്യത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് വ്യക്തമാക്കി.
