ഓട്ടവ: കാനഡ-യുഎസ് വ്യാപാര ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ ഭരണകൂടം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പകർത്തിയെഴുതുന്ന നിലപാടല്ല കാനഡ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പരസ്യമായി പരാതിപ്പെട്ട സാഹചര്യത്തിലാണ് കാനഡയുടെ ശക്തമായ പ്രതികരണം. സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, വനവിഭവങ്ങൾ എന്നിവയ്ക്കു മേൽ അമേരിക്ക ചുമത്തിയിരിക്കുന്ന അമിത നികുതികൾ വ്യാപാര കരാറുകളുടെ ലംഘനമാണെന്നും, ഈ തടസ്സങ്ങൾ നീക്കം ചെയ്യാനാണ് തന്റെ മുൻഗണനയെന്നും കാർണി പറഞ്ഞു. ചർച്ചകൾ തുടങ്ങുന്നതിനായി കാനഡ ഒരു ‘എൻട്രി ഫീസ്’ നൽകേണ്ടതുണ്ടെന്ന റിപ്പോർട്ടുകളെയും അദ്ദേഹം പൂർണ്ണമായും തള്ളി.
സി.യു.എസ്.എം.എ (CUSMA) വ്യാപാര കരാർ പുതുക്കുന്നതിനായി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് കാനഡയിൽ നിന്ന് ചില വിട്ടുവീഴ്ചകൾ അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. കാനഡയിലെ മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും അല്ലെങ്കിൽ വ്യാപാര നടപടികൾ നേരിടേണ്ടി വരുമെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അമേരിക്കൻ തീരുവകൾ നീക്കം ചെയ്യാതെ മദ്യം തിരികെ കൊണ്ടുവരില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി. പ്രവിശ്യകളാണ് മദ്യ വിൽപ്പന തീരുമാനങ്ങൾ എടുക്കുന്നതെന്നും, മറ്റ് വ്യാപാര മേഖലകളിൽ പുരോഗതി ഉണ്ടായാൽ മദ്യ വിഷയത്തിലും വേഗത്തിൽ തീരുമാനത്തിലെത്താൻ കഴിയുമെന്നും കാർണി കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾക്ക് കാനഡ പൂർണ്ണ സജ്ജമാണെന്നും, എന്നാൽ ആവശ്യമെങ്കിൽ അമേരിക്കയുടെ തീരുമാനത്തിനായി കാത്തിരിക്കാനും തയ്യാറാണെന്നും കാർണി വ്യക്തമാക്കി. ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും മറ്റ് വ്യാപാര പങ്കാളികളെ കണ്ടെത്തി വിപണി വൈവിധ്യവത്കരിക്കാനുമാണ് കാനഡയുടെ ശ്രമം. ചർച്ചകൾ നീണ്ടുപോകുന്നത് അമേരിക്കയ്ക്ക് തന്നെ സമ്മർദ്ദമുണ്ടാക്കുമെന്നും, അതിനാൽ ക്ഷമയോടെയുള്ള കാത്തിരിപ്പ് കാനഡയ്ക്ക് ഗുണകരമാണെന്നും മുൻ ഉന്നത വ്യാപാര ചർച്ചാവിദഗ്ധൻ സ്റ്റീവ് വെർഹ്യൂൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാനഡയുടെ പുതിയ അമേരിക്കൻ അംബാസഡർ മാർക്ക് വിസ്മാൻ ഹൗസ് ഓഫ് കോമൺസ് സമിതിക്ക് മുൻപാകെ ഹാജരാകാനിരിക്കെയാണ് ഈ നിർണ്ണായക പ്രതികരണങ്ങൾ.
