ഒന്റാരിയോ: വിവരവകാശ നിയമത്തിൽ (FOI) വിവാദപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഫോർഡ് സർക്കാർ അവതരിപ്പിച്ച ഓംനിബസ് ബജറ്റ് ബില്ലിന് അന്തിമ വോട്ടെടുപ്പിലൂടെ അംഗീകാരം. പ്രീമിയറിന്റേയും അംഗങ്ങളുടെയും ഓഫീസുകളിലെ രേഖകൾ, പ്രത്യേകിച്ച് പ്രീമിയറുടെ സെൽഫോൺ രേഖകൾ പൊതുജനങ്ങൾക്ക് ലഭിക്കാത്ത രീതിയിൽ തടയുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ആഴ്ചകളോളം യാതൊരു മാറ്റവുമില്ലാതെ കിടന്ന ബിൽ, ബുധനാഴ്ച രാത്രി നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലൂടെയാണ് സർക്കാർ പാസാക്കിയത്.

സാധാരണയായി നിയമസഭയിൽ ബില്ലുകൾ സമിതിയുടെ മുന്നിലെത്തുകയും, അവിടെ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഭേദഗതികൾ നിർദ്ദേശിക്കാനും അവസരം ലഭിക്കാറുണ്ട്. എന്നാൽ, ഇത്തരം പൊതുചർച്ചകളും സമിതിയുടെ പരിശോധനകളും ഒഴിവാക്കി ബിൽ അടിയന്തരമായി പാസാക്കാനാണ് ഹൗസ് ലീഡർ സ്റ്റീവ് ക്ലാർക്ക് കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചത്. പ്രതിപക്ഷ പാർട്ടികളായ എൻ.ഡി.പിയും ലിബറൽ പാർട്ടിയും സർക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിക്കുകയും, സുതാര്യതയെ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു.
ബജറ്റ് ബില്ലിൽ വിവരവകാശ നിയമത്തിലെ മാറ്റങ്ങൾക്കൊപ്പം കൺസർവേഷൻ അതോറിറ്റികളിലെ മാറ്റങ്ങൾ, ടിക്കറ്റ് പുനർവിൽപ്പന വിലയ്ക്ക് പരിധി നിശ്ചയിക്കുന്ന പുതിയ നിയമങ്ങൾ, പുതിയ വീടുകൾക്ക് ഒരു വർഷത്തെ എച്ച്.എസ്.ടി (HST) റീബേറ്റ് എന്നിവയും ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ചുകാലമായി സ്പീഡ് ക്യാമറകൾ നിരോധിക്കുക, മയക്കുമരുന്ന് ഉപയോഗ കേന്ദ്രങ്ങൾ അടച്ചുപൂട്ടുക, വിദ്യാഭ്യാസ മന്ത്രിയുടെ അധികാരങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങി നിരവധി നിയമങ്ങൾ സർക്കാർ സമാനമായ രീതിയിൽ അതിവേഗത്തിൽ പാസാക്കിയിരുന്നു. ഖനനത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും പേരിൽ പ്രാദേശിക നിയമങ്ങൾ മരവിപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ‘ബിൽ 5’ എന്ന നിയമവും ഇതിൽ ഉൾപ്പെടും.
