ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സമയത്ത് ഇന്ത്യയുടെ സൈനിക നീക്കത്തിന് സർക്കാർ അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സൈന്യത്തിന് തീരുമാനിക്കാമെന്നുമുള്ള മറുപടി ലഭിച്ചെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. സാഹചര്യം വരികയാണെങ്കിൽ ചൈനീസ് സൈനികർക്ക് നേരെ വെടിയുതിർക്കാൻ തനിക്ക് പൂർണ അധികാരവും സർക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നുവെന്നാണ് നരവനെ വെളിപ്പെടുത്തൽ നടത്തിയത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നരവനെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2019–22 ൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഫെബ്രുവരിയിൽ ലോക്സഭയിൽ വായിച്ചത് ഭരണ–പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. സൈനിക നീക്കത്തിന് സർക്കാർ അനുമതി ലഭിക്കാൻ വൈകിയെന്ന് പുസ്തകത്തിലുണ്ട് എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനായിരുന്നു നരവനെയുടെ മറുപടി.

ചൈനീസ് പ്രകോപനത്തിന് മറുപടി നൽകാൻ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രദേശത്തെ സാഹചര്യം അറിയാവുന്ന തനിക്ക് സർക്കാർ പ്രവർത്തന സ്വാതന്ത്ര്യം നൽകിയതായാണ് ആ സാഹചര്യത്തെ വിലയിരുത്തുന്നത്. സൈന്യത്തിൽ സർക്കാരിനുള്ള ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മരക്ഷയ്ക്കും രാജ്യത്തിന്റെ നിലപാടുകൾ സംരക്ഷിക്കുന്നതിനും സൈനികർക്ക് വെടിയുതിർക്കാൻ എപ്പോഴും അധികാരമുണ്ടായിരുന്നു. ഇതിനായി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുസ്തകത്തിൽ വിവാദമാകാൻ ഒന്നുമില്ലെന്നും എന്നാൽ ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും നരവനെ പറഞ്ഞു. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിലുള്ള പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രണ്ടുവർഷമായിട്ടും പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. 2024 ആദ്യം പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന പുസ്തകത്തിന്റെ റിവ്യൂ പതിപ്പുകൾ 2023 ഡിസംബറിൽ ലഭ്യമാക്കിയിരുന്നു. പുസ്തകത്തിന്റെ വിശദാംശങ്ങൾ പലരും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പുസ്തകം പരിശോധിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. പുസ്തകത്തിന് ആമസോൺ സ്വീകരിച്ചിരുന്ന മുൻകൂർ ഓർഡറുകളും പിന്നീട് റദ്ദാക്കിയിരുന്നു.
