ഓട്ടവ: ആൽബർട്ട വിഘടനവാദത്തെ അനുകൂലിക്കുന്ന സെൻസേഷണൽ വീഡിയോകൾക്ക് പിന്നിൽ നെതർലാൻഡ്‌സ് കേന്ദ്രീകരിച്ചുള്ള മൂന്ന് വ്യക്തികളാണെന്ന് കണ്ടെത്തൽ. പണം നൽകി വാടകയ്‌ക്കെടുത്ത അഭിനേതാക്കളെ ഉപയോഗിച്ചാണ് ഇവർ വീഡിയോകൾ നിർമ്മിക്കുന്നതെന്ന് സി.ബി.സി ന്യൂസ് കണ്ടെത്തി. ‘ഫേസ്‌ലെസ്’യൂട്യൂബ് ചാനലുകൾ വഴി പണം സമ്പാദിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നവർ കാനഡ സ്വദേശികളായ അഭിനേതാക്കളാണെങ്കിലും, അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഡച്ച് പൗരന്മാരാണ്. ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്, പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് തികച്ചും തെറ്റായതും പ്രകോപനപരവുമായ തലക്കെട്ടുകളോടെയാണ് വീഡിയോകൾ പ്രചരിപ്പിക്കുന്നത്.

ഏകദേശം 40 മില്യൺ ആളുകൾ ഈ വീഡിയോകൾ കണ്ടിട്ടുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മുതലെടുക്കാൻ നിർമ്മിച്ച ഇത്തരം വീഡിയോകളെ ഗവേഷകർ ‘സ്ലോപ്പഗണ്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരേ തിരക്കഥ ഉപയോഗിച്ച് വിവിധ ചാനലുകൾ വഴി ഒരേ സമയം ഇവ പ്രചരിപ്പിക്കുന്നു.ഈ ചാനലുകളിൽ അഭിനയിച്ച പലരും തങ്ങൾ ചതിക്കപ്പെടുക യായിരുന്നുവെന്ന് വെളിപ്പെടുത്തി. കാൽഗറി സ്വദേശിയായ മാറ്റ് ബെറി എന്ന മീഡിയ വർക്കർ, താൻ ഒരു ജോലി പരസ്യത്തിന് മറുപടി നൽകി അയച്ച ഓഡിഷൻ വീഡിയോ തന്റെ അനുവാദമില്ലാതെ ചാനലിൽ ഉപയോഗിച്ചതായി പറഞ്ഞു. താൻ വിഘടനവാദത്തിന് എതിരാണെന്നും തന്റെ ചിത്രം ദുരുപയോഗം ചെയ്തതിൽ വലിയ മാനസിക വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാൻ ജുർഗേഴ്സ്, മരീൻ മാസ്യൂസ്, യൂപ് ലിച്ചർ എന്നീ പേരുകളിലുള്ള വ്യക്തികളാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ നെതർലാൻഡ്‌സിലെ ‘ഫേസ്‌ലെസ് എഡ്യൂക്കേഷൻ’ എന്ന ഓൺലൈൻ കോഴ്‌സിൽ പങ്കെടുത്തവരാണ്. മുഖം കാണിക്കാതെ യൂട്യൂബ് വഴി എങ്ങനെ പണം സമ്പാദിക്കാം എന്നാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്. അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോൾ ഇവർ കുറ്റം നിഷേധിക്കുകയോ തെളിവുകൾ കണ്ടപ്പോൾ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഡീലീറ്റ് ചെയ്യുകയോ ആണ് ചെയ്തത്. പരസ്യ വരുമാനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രീയമായ അജണ്ടകൾ ഇല്ലെന്നുമാണ് ഇവർ വാദിക്കുന്നത്.
