ന്യൂയോർക്ക്: കഴിഞ്ഞ മാസം ലാഗ്വാർഡിയ വിമാനത്താവളത്തിൽ രണ്ട് പൈലറ്റുമാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ, എയർ ട്രാഫിക് കൺട്രോളറുടെ മുന്നറിയിപ്പ് ഫയർ ട്രക്കിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ട്. ‘നിർത്തൂ, നിർത്തൂ, നിർത്തൂ’ എന്ന ആവർത്തിച്ചുള്ള നിർദ്ദേശം റേഡിയോയിലൂടെ കേട്ടെങ്കിലും അത് തങ്ങൾക്കുള്ളതാണെന്ന് തിരിച്ചറിയാൻ ഫയർ ട്രക്ക് ഡ്രൈവർക്ക് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തിയത്. എയർ ട്രാഫിക് കൺട്രോളർ പത്തുതവണയെങ്കിലും ‘സ്റ്റോപ്പ്’ എന്ന് വിളിച്ചുപറഞ്ഞെങ്കിലും, വളരെ വൈകിയാണ് അത് തങ്ങൾക്കാണെന്ന് ഫയർ ക്രൂ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ട്രക്ക് റൺവേയിലേക്ക് പ്രവേശിച്ചിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനമായ ASDE-X-ൽ ഫയർ ട്രക്കുകളെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രാൻസ്പോണ്ടറുകൾ ട്രക്കുകളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വിമാനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കാൻ കമ്പ്യൂട്ടർ സിസ്റ്റത്തിനും സാധിച്ചില്ല.

അപകടത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരായ മാക്കെൻസി ഗുന്തർ, ആന്റണി ഫോറസ്റ്റ് എന്നിവർ കൊല്ലപ്പെടുക്കുകയും മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാത്രി 11:35-ഓടെ എയർ കാനഡ വിമാനം റൺവേയിൽ ലാൻഡ് ചെയ്യാൻ അനുമതി വാങ്ങിയതിന് പിന്നാലെ കൃത്യം രണ്ട് മിനിറ്റിന് ശേഷം ഇതേ റൺവേ മുറിച്ചുകടക്കാൻ ഫയർ ട്രക്കും അനുമതി ചോദിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടു സെക്കൻഡുകൾക്ക് മുൻപാണ് ട്രക്ക് റൺവേയിൽ എത്തിയത്. അപകടത്തിന് ശേഷം തനിക്ക് പിഴവ് പറ്റി എന്ന് കൺട്രോളർ പറയുന്നത് റേഡിയോ സന്ദേശങ്ങളിൽ വ്യക്തമാണ്. വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ കുറവും ജോലിഭാരവും അപകടത്തിന് കാരണമായോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് NTSB അറിയിച്ചു.
