ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്തെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 22.8 ദശലക്ഷം ടണ്‍ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ചില്‍ അത് 18.9 ദശലക്ഷം ടണ്ണായി ചുരുങ്ങിയെന്ന് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (PPAC) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 17 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക-ഇറാന് സംഘര്‍ഷം രൂക്ഷമായതോടെ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതാണ് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാന്‍ റഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 13,720 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യ, 2025-26 വര്‍ഷത്തില്‍ ഇത് 12,180 കോടി ഡോളറായി കുറച്ചിട്ടുണ്ട്.

ഇറക്കുമതിക്ക് പുറമെ ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ 2.3 ദശലക്ഷം ടണ്‍ എണ്ണ മാത്രമാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 24.5 ശതമാനം കുറവുണ്ടായതും തിരിച്ചടിയായി. എന്നാല്‍ നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് പെട്രോളിയം മന്ത്രാലയം ഉറപ്പുനല്‍കി. എങ്കിലും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും ഇറക്കുമതിയിലെ കുറവും വരും മാസങ്ങളില്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
