ഓട്ടവ: കനേഡിയൻ കറുത്തവർഗ്ഗക്കാർക്ക് മികച്ച നിയമ സേവനങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി ഫെഡറൽ ഗവൺമെന്റ് 8.6 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾക്കായാണ് ഈ തുക നീക്കിവയ്ക്കുന്നത്.
കാനഡയിലുടനീളമുള്ള 24 സംഘടനകൾക്കാണ് ഈ ഫണ്ട് നൽകുന്നത്. നീതിന്യായ വ്യവസ്ഥയിൽ കറുത്തവർഗ്ഗക്കാർ നേരിടുന്ന വിവേചനം കുറയ്ക്കാനും യുവാക്കൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനുമാണ് ഈ തുക ഉപയോഗിക്കുക.

നീതിന്യായ വ്യവസ്ഥയിൽ കറുത്തവർഗ്ഗക്കാരുടെ അമിത പ്രാതിനിധ്യം (Over-representation) കുറയ്ക്കുക, അമിതമായ പോലീസിംഗ് നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സാംസ്കാരികമായി അനുയോജ്യമായ രീതിയിലുള്ള നിയമപിന്തുണ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി മാർജോറി മൈക്കൽ വ്യക്തമാക്കി.
മോൺട്രിയലിലെ സെന്റ്-മൈക്കൽ ലീഗൽ ക്ലിനിക്കിന് 2,90,000 ഡോളർ അനുവദിച്ചിട്ടുണ്ട്. വംശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായകമാകും. ജയിലിലടയ്ക്കപ്പെടുന്ന കറുത്തവർഗ്ഗക്കാരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ നടത്തുന്ന ഈ നീക്കത്തെ ക്യൂബെക്കിലെ കറുത്തവരുടെ കൂട്ടായ്മ സ്വാഗതം ചെയ്തു.
