ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം വിലക്കയറ്റം രൂക്ഷമാകുന്നു. പുതിയ മോഡലുകള്‍ക്ക് പുറമെ വിപണിയിലുള്ള പഴയ മോഡലുകള്‍ക്കും വില ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുകയാണ്. സ്മാര്‍ട്ട്ഫോണ്‍ വിതരണ ശൃംഖലയിലുണ്ടായ ക്ഷാമവും പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധികളുമാണ് വിപണിയെ പിടിച്ചുലച്ചിരിക്കുന്നത്. ലോഞ്ച് സമയത്ത് നിശ്ചയിച്ചിരുന്ന വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് പല പ്രമുഖ ബ്രാന്‍ഡുകളും ഇപ്പോള്‍ ഫോണുകള്‍ വിറ്റഴിക്കുന്നത്.
സാധാരണ ഗതിയില്‍ ഫോണുകള്‍ പഴയതാകുന്നതിനനുസരിച്ച് വില കുറയുന്ന പതിവാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലുള്ളത്. എന്നാല്‍ നിലവില്‍ പല മോഡലുകള്‍ക്കും ലോഞ്ച് വിലയേക്കാള്‍ 2,000 രൂപ മുതല്‍ 3,500 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ചില പ്രീമിയം മോഡലുകളുടെ വിലയില്‍ 15,000 രൂപയുടെ വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാംസങ്, വണ്‍പ്ലസ്, വിവോ, നതിംഗ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളെല്ലാം തന്നെ വിപണിയിലെ ഈ മാറ്റത്തിന് അനുസൃതമായി നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു.

സാംസങ്ങിന്റെ ഗാലക്സി എം36 5ജി, ഗാലക്സി എം17 5ജി തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് വന്‍തോതില്‍ വില കൂടിയിട്ടുണ്ട്. 2025 ജൂണില്‍ 17,499 രൂപയ്ക്ക് വിപണിയിലെത്തിയ ഗാലക്സി എം36 5ജിയുടെ വില ഇപ്പോള്‍ 20,999 രൂപയിലെത്തി. വണ്‍പ്ലസ് 15ആര് മോഡലിന് 50,499 രൂപയും വിവോയുടെ ഏറ്റവും പുതിയ മോഡലായ വി70-ക്ക് 49,999 രൂപയുമാണ് നിലവിലെ വില. ചിപ്പ് സെറ്റുകളുടെ ലഭ്യതക്കുറവും ഗതാഗത ചെലവിലുണ്ടായ വര്‍ദ്ധനവുമാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
