Friday, April 24, 2026

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നു; കേസെടുത്ത് പമ്പ പൊലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്ന സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെ അതീവ സുരക്ഷാ മേഖല ലംഘിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്റ്റര്‍ പറന്നത്. ക്ഷേത്രത്തിലെ കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്ത് വേഗത കുറച്ച് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തില്‍ പമ്പ പോലീസ് കേസെടുക്കുകയും ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ്. ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പ്രദേശങ്ങള്‍ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്. മുന്‍പ് ഒരിക്കല്‍ പോലും ഒരു സേനയും മുന്‍കൂര്‍ അനുമതിയില്ലാതെ ഈ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിട്ടില്ല. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ശ്രീകോവിലിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയമുണ്ട്. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സന്നിധാനത്തിന് മുകളില്‍ വിമാനം പറന്നത് അതീവ ഗൗരവതരമായ വിഷയമാണെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിക്കേണ്ടി വന്നതാണെന്നും, ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിന്റെ ഭാഗമായിട്ടല്ല ഇതെന്നും അവര്‍ വ്യക്തമാക്കി. ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ സഞ്ചരിക്കുന്നതെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പരിഭ്രാന്തി പരത്തി എന്നാരോപിച്ചാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!