വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർഷിക അത്താഴവിരുന്നിന് തലേദിവസം വാഷിങ്ടൺ ഡി.സി.യിൽ അസാധാരണമായ പ്രതിഷേധം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും രേഖകളും വാഷിങ്ടൺ ഹിൽട്ടൺ കെട്ടിടത്തിന്റെ പുറംഭാഗത്ത് പ്രൊജക്റ്റ് ചെയ്തു. എപ്സ്റ്റീന്റെ ഇമെയിലുകൾ വായിക്കുന്ന ശബ്ദരേഖയും പ്രതിഷേധത്തിന്റെ ഭാഗമായി പുറത്തുവിട്ടു.
പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി വൈറ്റ് ഹൗസ് അത്താഴവിരുന്നിൽ പങ്കെടുക്കാൻ ട്രംപ് തീരുമാനിച്ചതാണ് ഈ വർഷത്തെ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കുന്നത്. മാധ്യമങ്ങളെ “ഫേക്ക് ന്യൂസ്” എന്ന് നിരന്തരം വിളിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന ട്രംപിന്റെ പങ്കാളിത്തം വലിയ ആശ്ചര്യത്തിനും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാധ്യമവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചും, ഭരണകൂടം മാധ്യമങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ പ്രസിഡന്റിനെ നേരിട്ട് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് മാധ്യമപ്രവർത്തകർ ഒപ്പിട്ട തുറന്ന കത്ത് ഇതിനകം പുറത്തുവന്നുകഴിഞ്ഞു.

മാധ്യമങ്ങളുമായി ഏറെക്കാലമായി സംഘർഷഭരിതമായ ബന്ധമാണ് ട്രംപിനുള്ളത്. വാർത്താ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചും മാധ്യമപ്രവർത്തകരെ വ്യക്തിപരമായി ലക്ഷ്യമിട്ടും അദ്ദേഹം നിലപാട് കടുപ്പിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ളവർക്ക് വൈറ്റ് ഹൗസ് പ്രസ് പൂളിൽ പ്രവേശനം നിഷേധിച്ചതും പെന്റഗണിൽ മാധ്യമപ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു. അതേസമയം, വ്യക്തിപരമായ ഫോൺ കോളുകളിലൂടെയും മറ്റും ചില മാധ്യമപ്രവർത്തകരുമായി നേരിട്ട് ആശയവിനിമയം നടത്താനും ട്രംപ് ശ്രമിക്കാറുണ്ട്. പ്രസിഡന്റായിരിക്കെ ആദ്യമായി പങ്കെടുക്കുന്ന ഈ അത്താഴവിരുന്ന് മാധ്യമ ലോകം വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
