ഇസ്ലാമാബാദ്: ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാക്കിസ്ഥാന് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് അദ്ദേഹം റഷ്യയിലേക്ക് പോകുമെന്നും ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ പ്രാദേശിക നയതന്ത്രം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഈ വാര്‍ത്തകള്‍.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ പ്രായോഗിക നിലപാടുകള്‍ മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനുമായി അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ വരവിനായി കാത്തുനില്‍ക്കാതെ ഇറാന് സംഘം മടങ്ങിയത് ചര്‍ച്ചകളെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. നയതന്ത്ര നീക്കങ്ങളെ അമേരിക്ക ഗൗരവമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അരഗ്ചി വ്യക്തമാക്കി.

അതേസമയം, ഇറാന് സംഘം ഇസ്ലാമാബാദ് വിട്ടതോടെ അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. ഇറാന് എപ്പോള്‍ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും എന്നാല്‍ സമയം പാഴാക്കാന്‍ താനില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ നേതൃത്വം ആര്‍ക്കാണെന്ന് അവര്‍ക്ക് പോലും അറിയില്ലെന്ന രൂക്ഷമായ വിമര്‍ശനവും ട്രംപ് ഉന്നയിച്ചു. ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍, ഇറാനിലെ ചാബഹാര്‍ തുറമുഖത്തിനുള്ള അമേരിക്കന്‍ ഉപരോധ ഇളവ് ഇന്ന് അവസാനിക്കുന്നത് ഇന്ത്യയ്ക്കും നിര്‍ണ്ണായകമാണ്.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് താല്‍ക്കാലികമായി ഒരു ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം. അമേരിക്കന്‍ ഉപരോധം നീങ്ങുന്ന മുറയ്ക്ക് നിയന്ത്രണം ഇന്ത്യയ്ക്ക് തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയോടെയാകും ഈ കൈമാറ്റം. 2003 മുതല്‍ ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ഈ തുറമുഖത്തില്‍ ഏകദേശം 12 കോടി ഡോളറാണ് ഇതുവരെ നിക്ഷേപിച്ചിട്ടുള്ളത്. പാകിസ്താനെ ആശ്രയിക്കാതെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപാരം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്ന തന്ത്രപ്രധാനമായ ഈ തുറമുഖത്തിന്റെ ഭാവി വരും ദിവസങ്ങളിലെ നയതന്ത്ര തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
