ബുലന്ദ്ഷഹർ (യുപി)∙ ബുലന്ദ്ഷഹറിലെ ഖുർജ നഗറിൽ നടത്തിയ പിറന്നാൾ പാർട്ടിക്കിടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ നഷ്ടമായത് മൂന്ന് ജീവൻ. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാന പ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ജീതു സൈനിയുടെ ജൻമദിനാഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ജിമ്മിലായിരുന്നു ആഘോഷം ആദ്യം നടന്നത്. പിന്നീട് വീടിനു സമീപവും കൂട്ടുകാർ ചേർന്നപ്പോഴാണ് സംഘർഷം തുടങ്ങിയത്. ജീതു സൈനിയുടെ മുഖത്ത് കൊല്ലപ്പെട്ടവർ കേക്ക് തേച്ചു. ഇതിനെച്ചൊല്ലിയായിരുന്നു വാക്കുതർക്കം. തോക്കുമായെത്തി ജീതു സൈനി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പ് നടന്ന വിവരം ലഭിച്ച ഉടൻ ഖുർജ നഗർ പൊലീസ് സ്ഥലത്തെത്തിയതായി എസ്പി അന്തരീക്ഷ് ജെയിൻ പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
