മൺട്രിയോൾ: നഗരത്തിൽ അക്രമാസക്തരായ നായകളുമായി ബന്ധപ്പെട്ട കേസുകളിൽ വൻ വർധന. 2021-ന് ശേഷം ഇത്തരം സംഭവങ്ങളിൽ 41 ശതമാനം വർധനവുണ്ടായതായി നഗരസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നായകളെ വളർത്തുന്നത് കേവലം ഒരു വിനോദമല്ല, മറിച്ച് വലിയൊരു ഉത്തരവാദിത്തമാണെന്ന് ഈ കണക്കുകൾ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാത്രം നായകളുടെ അക്രമാസക്തമായ പെരുമാറ്റം അല്ലെങ്കിൽ കടിയേറ്റ സംഭവങ്ങളുമായി ബന്ധപ്പെട്ട് 586 കേസ് അന്വേഷണങ്ങൾ നടന്നു. നിയമലംഘനങ്ങൾക്ക് (നായയെ അഴിച്ചുവിടുക, നിയന്ത്രണമില്ലാതിരിക്കുക തുടങ്ങിയവ) 268 പേർക്കെതിരെ അധികൃതർ നടപടിയെടുത്തു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 12% കൂടുതലാണ്. നഗരത്തിൽ വളർത്തുനായകളുടെ എണ്ണം ഏകദേശം 1.6 ലക്ഷമായി വർദ്ധിച്ചതും അപകടങ്ങൾ കൂടാൻ ഒരു കാരണമായി കരുതപ്പെടുന്നു. 2025 അവസാനത്തോടെ, നഗരസഭയുടെ രജിസ്റ്ററിൽ 110 നായകളെ ‘അപകടകാരികൾ’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. നായ്ക്കൾക്ക് ശരിയായ പരിശീലനവും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരവും ലഭിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹോച്ചെലാഗ-മൈസണൂവ്, റോസ്മോണ്ട്, കോട്ട്-ഡെസ്-നൈജസ്, എന്നീ മൂന്ന് പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത്. നായ്ക്കൾക്ക് ഓടിനടക്കാൻ ആവശ്യമായ സ്ഥലമില്ലാത്തതും പാർക്കുകളിലെ തിരക്കും അവയെ കൂടുതൽ അക്രമാസക്തരാക്കുന്നുവെന്ന് ഡോഗ് ട്രെയിനറായ റിയാനോൺ ഹൊറാൻ പറഞ്ഞു. നായയെ വളർത്തുക എന്നത് ഒരു ജീവിതശൈലിയാണെന്നും അത് കുറച്ചു മാസത്തെ വിനോദമല്ല, മറിച്ച് പൂർണ്ണമായ പ്രതിബദ്ധതയാണെന്നും ട്രെയിനറായ ജെറമി ക്ലൂട്ടിയർ ഓർമ്മിപ്പിച്ചു. നായകളെ പുറത്തിറക്കുമ്പോൾ അവയെ നിയന്ത്രിക്കാൻ ഉടമകൾക്ക് കഴിയണമെന്നും, ഭാവിയിൽ നായകളെ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം നഗരസഭ നടത്തിയ ഔട്ട്ഡോർ വർക്ക്ഷോപ്പുകളിൽ 450-ഓളം ഉടമകൾ പങ്കെടുത്തു. ഇത്തരം പ്രതിരോധ നടപടികൾ വരും വർഷങ്ങളിൽ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
