Sunday, April 26, 2026

സാമ്പത്തിക നേട്ടങ്ങൾ വിശദീകരിക്കാൻ കാർണി സർക്കാർ; നിർണ്ണായക റിപ്പോർട്ട് ചൊവ്വാഴ്ച പാർലമെന്റിൽ

ഓട്ടവ: സാമ്പത്തിക അജണ്ട കൈവരിച്ച നേട്ടങ്ങൾ പാർലമെന്റിന് മുന്നിൽ വിശദീകരിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ. ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന വസന്തകാല സാമ്പത്തിക റിപ്പോർട്ട് (Spring Economic Update), സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ അതീവ നിർണ്ണായകമാണ്. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ചെലവുകൾ കുത്തനെ ഉയർത്തിയ സർക്കാർ, അമേരിക്കയുടെ താരിഫ് നയങ്ങളെ നേരിടാൻ പുതിയ വിദേശ വിപണികൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സാമ്പത്തിക നയങ്ങൾ ഫലം കാണുന്നുണ്ടോ എന്നതിന്റെ കൃത്യമായ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ നിർബന്ധിതരാകും.

ഇറാൻ-ഇസ്രയേൽ സംഘർഷം മൂലമുണ്ടായ ആഗോള എണ്ണവില വർദ്ധനവും, കുറഞ്ഞ വരുമാനക്കാർക്കുള്ള ജിഎസ്ടി ആനുകൂല്യങ്ങളും സർക്കാരിന്റെ ഖജനാവിനെ ബാധിച്ചിട്ടുണ്ട്. 2025-ലെ ബജറ്റിൽ 78.3 ബില്യൺ ഡോളറിന്റെ കമ്മി പ്രതീക്ഷിച്ചിരുന്നെങ്കിലും, ജിഡിപി കണക്കുകളിലെ സമീപകാല പുനഃപരിശോധനയും എണ്ണവില വർധന മൂലമുള്ള നികുതി വരുമാനവും സർക്കാരിന് ചെറിയ തോതിൽ ആശ്വാസം നൽകുന്നുണ്ട്. എന്നിരുന്നാലും, ലഭ്യമായ സാമ്പത്തിക വിഭവങ്ങൾ മിക്കതും ഇതിനകം ചെലവഴിച്ചുകഴിഞ്ഞതിനാൽ, ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത സാമ്പത്തിക തിരിച്ചടികൾ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു. ബജറ്റ് കമ്മി കുറയ്ക്കണമെന്നും ചെലവുകൾ നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, കാനഡയുടെ സാമ്പത്തിക മാനേജ്‌മെന്റിനെ അന്താരാഷ്ട്ര നാണയ നിധി (IMF) പ്രശംസിച്ചത് സർക്കാരിന് നേട്ടമായി. ജി7 രാജ്യങ്ങളിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുമെന്നും, അംഗരാജ്യങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക നില കാനഡയ്ക്കാണെന്നുമാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. എന്നാൽ ഇത് കാനഡയുടെ മാത്രം വിജയമല്ലെന്നും, മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക നിലവാരം മോശമായതുകൊണ്ടാണ് കാനഡ മുന്നിട്ടുനിൽക്കുന്നതെന്നുമാണ് ചില സാമ്പത്തിക വിദഗ്ധരുടെ പക്ഷം. എങ്കിലും, സാമ്പത്തിക തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങുന്നത് വരെ ബജറ്റ് സമ്മർദ്ദത്തിലായിരിക്കുമെന്ന് മുൻ പാർലമെന്ററി ബജറ്റ് ഓഫീസർ കെവിൻ പേജ് മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!