Sunday, April 26, 2026

‘സാമ്പത്തിക ബാധ്യത കൂടുന്നു’; സിനിമകളിൽ നിന്ന് റേറ്റിങ് സംവിധാനം ‘കട്ട്’ ചെയ്ത് സസ്കാച്വാൻ

സാസ്‌കറ്റൂൺ: സിനിമകൾക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിർബന്ധിത റേറ്റിങ് സംവിധാനം പിൻവലിച്ച് സസ്‌കാച്വാൻ. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരത്തോടെ, സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് സർക്കാരിൽ നിന്ന് പ്രായത്തിനടിസ്ഥാനത്തിലുള്ള (Age-based) റേറ്റിങ് വാങ്ങേണ്ടതില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള റേറ്റിങ് സംവിധാനം ഒഴിവാക്കിയത് പ്രാദേശിക ചലച്ചിത്ര പ്രവർത്തകർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് വിലയിരുത്തൽ.

പഴയ നിയമപ്രകാരം ഓരോ സിനിമയ്ക്കും G, PG, 14A, 18A , R, എന്നിങ്ങനെ റേറ്റിങ് ലഭിക്കുന്നതിനായി ഒരുപാട് പണം ചെലവാക്കേണ്ടി വന്നിരുന്നു. ചെറിയ ബജറ്റിൽ സിനിമയെടുക്കുന്ന സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഇതൊരു വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. ഈ തടസ്സം നീങ്ങുന്നത് കൂടുതൽ പ്രാദേശിക സിനിമകൾ തീയേറ്ററുകളിലെത്താൻ കാരണമാകുമെന്ന് ‘സ്ക്രീൻ സസ്‌ക്’ (ScreenSask) എക്സിക്യൂട്ടീവ് ഡയറക്ടർ റോബർട്ട് ഹാർഡി പറഞ്ഞു.

പുതിയ നിയമ പ്രകാരം, സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകാൻ തീയേറ്ററുകൾക്ക് സ്വന്തമായി ‘അഡ്വൈസറി’ (Advisory) തയ്യാറാക്കാം. അശ്ലീലഭാഷയോ അക്രമമോ പോലുള്ള കാര്യങ്ങൾ വെബ്സൈറ്റുകളിലും മറ്റും പരസ്യം ചെയ്യുമ്പോൾ പ്രേക്ഷകരെ അറിയിക്കാനാണ് നിർദ്ദേശം. 2019-ൽ ഒന്റാരിയോ ഇതേ മാതൃക പിന്തുടർന്നിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് തീയേറ്ററുകൾ തമ്മിൽ റേറ്റിങ്ങുകളിൽ ഒരേ രീതി ഇല്ലാതാക്കിയേക്കാം എന്ന് ചലച്ചിത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോഴും, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ സജീവമായ കാലത്ത് പഴയ രീതി കാലഹരണപ്പെട്ടതാണെന്നാണ് വിലയിരുത്തൽ. അതേസമയം, മുതിർന്നവർക്കുള്ള ചിത്രങ്ങളുടെ കാര്യത്തിൽ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ലെന്ന നിബന്ധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!