ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം 60 ദിവസംകൂടി കേന്ദ്ര സേന പശ്ചിമ ബംഗാളിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവസാന ഘട്ട വോട്ടെടുപ്പിൽ ‘ദീദിയുടെ ഗുണ്ടകളെ’ ഭയപ്പെടാതെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ഷാ പറഞ്ഞു. ഏപ്രിൽ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബെഹാലയിൽ റോഡ് ഷോക്ക് നേതൃത്വം നൽകിയ ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.

294 അംഗ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടന്നു. എക്കാലത്തെയും ഉയർന്ന പോളിങ് ആയ 93 ശതമാനം ഇതിൽ രേഖപ്പെടുത്തി. മേയ് 4നാണ് വോട്ടെണ്ണൽ. ഇതിനിടെ ബംഗാൾ ഡി.ജി.പിയുടെ കാലാവധി കേന്ദ്രം ആറ് മാസത്തേക്ക് നീട്ടി. പശ്ചിമ ബംഗാൾ ഡി.ജി.പിയും ഐ.ജിയുമായ സിദ്ദ്നാഥ് ഗുപ്തയുടെ സേവനമാണ് നീട്ടിയത്. ഏപ്രിൽ 30ന് വിരമിക്കേണ്ട ഗുപ്തയുടെ കാലാവധി പൊതുതാൽപര്യം മുൻനിർത്തി നീട്ടിയതറിയിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. 1992 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഗുപ്ത. തൽസ്ഥാനത്തുനിന്ന് പീയുഷ് പാണ്ഡെയെ നീക്കി മാർച്ച് 16നാണ് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന ഡി.ജി.പിയും ഐ.ജിയുമായി ഇദ്ദേഹത്തെ നിയമിച്ചത്.
