മെല്‍ബണ്‍: പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാരായ മെറ്റ, ഗൂഗിള്‍, ടിക്ടോക് എന്നിവ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഈ പ്ലാറ്റ്ഫോമുകള് ഓസ്ട്രേലിയയില്‍ നിന്ന് നേടുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി ഈടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച കരടുനിയമം ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ വിഹിതം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി.
2021-ല്‍ ഓസ്ട്രേലിയ കൊണ്ടുവന്ന ‘ന്യൂസ് മീഡിയ ബാര്‍ഗെയ്നിങ് കോഡ്’ പാലിക്കാന്‍ വന്‍കിട കമ്പനികള്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കര്‍ശന നിയമം വരുന്നത്. പുതിയ നിയമപ്രകാരം മാധ്യമസ്ഥാപനങ്ങളുമായി കരാറിലെത്താന്‍ കമ്പനികള്‍ക്ക് ഒരു അവസരം കൂടി നല്‍കും. നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ വര്‍ഷംതോറും 14.4 കോടി ഡോളര്‍ മുതല്‍ 17.9 കോടി ഡോളര്‍ വരെ (ഏകദേശം 1693 കോടി രൂപ) സമാഹരിക്കാന്‍ കഴിയുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ തുക മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിഗണിച്ച് വിതരണം ചെയ്യാനാണ് പദ്ധതി.

അതേസമയം, സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ടെക് കമ്പനികള്‍ രംഗത്തെത്തി. വാര്‍ത്താസ്ഥാപനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവെക്കുന്നതെന്നും അതിനാല്‍ നിര്‍ബന്ധിതമായി പണം നല്‍കാനാവശ്യപ്പെടുന്നത് ശരിയല്ലെന്നുമാണ് മെറ്റയുടെ നിലപാട്. തങ്ങള്‍ ഇതിനകം തന്നെ പല സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എ.ഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ഒഴിവാക്കി തങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് നീതിയല്ലെന്നും ഗൂഗിള്‍ പ്രതികരിച്ചു.
