കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 294 അംഗ നിയമസഭയില്‍ ബാക്കിയുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. കൊല്‍ക്കത്ത, തെക്ക് – വടക്ക് 24 പര്‍ഗാനകള്‍, ഹൂഗ്ലി ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ജില്ലകളിലായി മൂന്ന് കോടിയിലധികം വോട്ടര്‍മാര്‍ ഇന്ന് ജനവിധി എഴുതും. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭബാനിപൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതോടെ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ബംഗാള്‍ വേദിയാകുന്നത്.

ആകെ 1448 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് പലയിടത്തും നടക്കുന്നത്. കഴിഞ്ഞ തവണ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് തൃണമൂല്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇത്തവണ ഭബാനിപൂരിലടക്കം കടുത്ത വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. അതേസമയം, ഇടതുപക്ഷവും കോണ്‍ഗ്രസും തങ്ങളുടെ വോട്ട് വിഹിതം തിരിച്ചുപിടിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. മേയ് 4-നാണ് വോട്ടെണ്ണല്‍ നടക്കുക.
