Wednesday, April 29, 2026

ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും; താപനില കുറഞ്ഞു

ന്യൂഡല്‍ഹി: കടുത്ത ഉഷ്ണതരംഗത്തില്‍ വെന്തുരുകിയ ഡല്‍ഹി-എന്‍സിആര്‍ മേഖലയ്ക്ക് ആശ്വാസമായി ബുധനാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റും മഴയും തലസ്ഥാനത്തെ താപനില ഗണ്യമായി കുറച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയ ചൂടിനാണ് പടിഞ്ഞാറന്‍ അസ്വസ്ഥതയുടെ (Western Disturbance) സ്വാധീനഫലമായുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം ശമനമുണ്ടാക്കിയത്. രാജസ്ഥാന്‍, ഹരിയാന മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴിയുടെ ഫലമായാണ് മഴ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ വായുനിലവാരത്തിലും കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിക്ക് പിന്നാലെ കടുത്ത ചൂടില്‍ വലയുന്ന കേരളത്തിലും വരും ദിവസങ്ങളില്‍ വേനല്‍മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി കടന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ മഴയുടെ വരവ് ആശ്വാസമാകും. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തുടര്‍ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം വേനല്‍മഴയില്‍ 67 ശതമാനം കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന മഴ ഈ കമ്മി നികത്തുമെന്നാണ് പ്രതീക്ഷ.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഇടിമിന്നല്‍ സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!