സ്റ്റോക്ഹോം: 2025-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികച്ചെലവ് നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെന്ന് സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 8.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 9210 കോടി ഡോളറാണ് (8.67 ലക്ഷം കോടി രൂപ) ഇന്ത്യ ഇതിനായി ചെലവിട്ടത്. തുടര്‍ച്ചയായ 11-ാം വര്‍ഷവും ആഗോളതലത്തില്‍ സൈനികച്ചെലവ് വര്‍ധിച്ചതായും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക, ചൈന, റഷ്യ, ജര്‍മനി എന്നിവരാണ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍. ആഗോള സൈനികച്ചെലവിന്റെ 58 ശതമാനവും ഈ നാല് രാജ്യങ്ങളുടേതാണ്. 2025 മേയിലുണ്ടായ ഇന്ത്യ-പാകിസ്താന് സംഘര്‍ഷം മേഖലയിലെ ചെലവ് വര്‍ധിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാന്റെ സൈനികച്ചെലവ് 11 ശതമാനം വര്‍ധിച്ച് 1190 കോടി ഡോളറായി. യൂറോപ്പിലെ സൈനികച്ചെലവ് ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 14 ശതമാനത്തിലേക്ക് എത്തി. യുക്രൈനുള്ള സഹായം നിര്‍ത്തലാക്കിയതോടെ യു.എസിന്റെ പ്രതിരോധ ബജറ്റില്‍ നേരിയ കുറവുണ്ടായപ്പോള്‍ ചൈനയുടേത് 7.4 ശതമാനം വര്‍ധിച്ചു.
