വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന് മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന വാഷിങ്ടണിന്റെ പ്രധാന ആവശ്യം പരിഗണിക്കാത്തതിനാലാണ് ട്രംപ് ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് ഇറാന് മുന്നോട്ടുവെച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, നാവിക ഉപരോധം നീക്കി കപ്പല്‍ പാതകള്‍ തുറക്കുക, അതിനുശേഷം മാത്രം ആണവ ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു ഇറാന്റെ പ്രധാന വ്യവസ്ഥകള്‍. എന്നാല്‍ ആണവ വിഷയം കരാറിന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ട്രംപ് ഭരണകൂടം ഉറച്ചുനില്‍ക്കുകയാണ്. ഇറാന് ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്ന കരാറുകള്‍ മാത്രമേ അംഗീകരിക്കൂ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

അമേരിക്കയുടെ കടുത്ത നിലപാടോടെ മേഖലയിലെ നയതന്ത്ര നീക്കങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദില് നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ ട്രംപ് റദ്ദാക്കി. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരുടെ സന്ദര്‍ശനം റദ്ദാക്കിയതോടെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടി.
