ഹാലിഫാക്സ്: ഹെൽത്ത് കാർഡുകൾ ഇനി ഓൺലൈനായി പുതുക്കാൻ പുതിയ സംവിധാനവുമായി നോവസ്കോഷ. മെഡിക്കൽ സർവീസസ് ഇൻഷുറൻസ് (MSI) ഓൺലൈൻ എന്ന പുതിയ വെബ് പോർട്ടൽ വഴി നോവസ്കോഷയിലെ താമസക്കാർക്ക് വളരെ എളുപ്പത്തിൽ തങ്ങളുടെ ഹെൽത്ത് കാർഡുകൾ പുതുക്കാൻ സാധിക്കും. ഹെൽത്ത് കാർഡുള്ള 19 വയസ്സിന് മുകളിലുള്ള കനേഡിയൻ പൗരന്മാർക്കും നോവസ്കോഷയിലെ സ്ഥിരതാമസക്കാർക്കുമാണ് ഈ സേവനം ലഭ്യമാകുക.
ചൊവ്വാഴ്ച പ്രീമിയർ ടീം ഹ്യൂസ്റ്റണാണ് ഈ സേവനം പ്രഖ്യാപിച്ചത്. കാലഹരണപ്പെട്ട രീതിയിലുള്ള ഇമെയിൽ, ഫാക്സ് അപേക്ഷകൾ ഒഴിവാക്കി കൂടുതൽ കാര്യക്ഷമമായ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പോർട്ടലിലൂടെ കാർഡുകൾ പുതുക്കുന്നതിനൊപ്പം വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, അവയവദാന സമ്മതം എന്നിവയും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

ആരോഗ്യ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ സംബന്ധമായ വിവരങ്ങൾ എവിടെയിരുന്നും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. അതേസമയം, തപാൽ വഴി കാർഡ് പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം തുടരുമെന്നും, ഡിജിറ്റലായി കാർഡ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ഓൺലൈൻ സംവിധാനം തിരഞ്ഞെടുക്കാമെന്നും സർക്കാർ അറിയിച്ചു
