Wednesday, April 29, 2026

ടംബ്ലർ റിഡ്ജ്‌ വെടിവെപ്പ്; ഓപ്പൺ എഐയ്‌ക്കെതിരെ ഇരകളുടെ കുടുംബങ്ങൾ കോടതിയിലേക്ക്

വൻകൂവർ: ബ്രിട്ടീഷ്‌ കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ നടന്ന ദാരുണമായ വെടിവെപ്പുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐ-ക്കെതിരെ കടുത്ത നിയമനടപടികളുമായി ഇരകളുടെ കുടുംബങ്ങൾ. വെടിവെപ്പിന് മുൻപ് തന്നെ അക്രമി പദ്ധതികൾ തയ്യാറാക്കുന്നതിനെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടും അത് പോലീസിനെ അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ചാണ്‌ നിയമപരമായി മുന്നോട്ടുപോകുന്നത്‌. കാനഡയിലെ നിയമപ്രകാരം ലഭിക്കാവുന്ന നഷ്ടപരിഹാര തുകയ്ക്ക് പരിധിയുള്ളതിനാൽ, ഓപ്പൺ എഐ-യുടെ ആസ്ഥാനമായ കാലിഫോർണിയയിലാണ് കുടുംബങ്ങൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ ‘ലാൻഡ്മാർക്ക്’ നഷ്ടപരിഹാരമാണ് കുടുംബങ്ങൾ ലക്ഷ്യമിടുന്നത്.

അക്രമിയായ 18-കാരി ജെസ്സി വാൻ റൂട്ട്‌സെലാർ ചാറ്റ് ജിപിടി വഴി അക്രമാസക്തമായ ആശയങ്ങൾ പങ്കുവെച്ചിരുന്നതായും ഇത് ശ്രദ്ധയിൽപ്പെട്ട ഓപ്പൺ എഐ-യിലെ 12 ജീവനക്കാർ കനേഡിയൻ പോലീസിനെ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കമ്പനി ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നു. അക്രമി തന്റെ അക്കൗണ്ട് ഉപയോഗിച്ച് വെടിവെപ്പിനുള്ള പദ്ധതികൾ കൃത്യമായി തയ്യാറാക്കിയിരുന്നുവെന്നും, ഓപ്പൺ എഐ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഈ കൂട്ടക്കൊല തടയാമായിരുന്നുവെന്നും ഇരകളുടെ അഭിഭാഷകർ വാദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 10-നാണ് കാനഡയെ നടുക്കിയ ദുരന്തം നടന്നത്. പ്രതിയായ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വന്തം വീട്ടിൽ വെച്ച് അമ്മയെയും സഹോദരനെയും വധിച്ച ശേഷം പ്രാദേശിക സ്കൂളിലെത്തി അഞ്ച് കുട്ടികളെയും ഒരു അധ്യാപകനെയും വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഓപ്പൺ എഐ സി.ഇ.ഒ സാം ആൾട്ട്മാൻ അയച്ച മാപ്പപേക്ഷ ഇരകളുടെ കുടുംബങ്ങൾ തള്ളിക്കളഞ്ഞു. ഈ മാപ്പപേക്ഷ ചാറ്റ് ജിപിടി ഉപയോഗിച്ച് തയ്യാറാക്കിയ വെറും യന്ത്രസമാനമായ ഒന്നാണെന്നും ഇതിൽ ആത്മാവോ, ആത്മാർത്ഥതയോ ഇല്ലെന്നും ഗുരുതരമായി പരിക്കേറ്റ മായ ഗെബാലയുടെ മാതാവ് സിയ എഡ്മണ്ട്സ് പ്രതികരിച്ചു. തങ്ങളുടെ ടൂളുകൾ അക്രമത്തിന് ഉപയോഗിക്കുന്നതിനോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്നാണ് ഓപ്പൺ എഐ ഇതിനോട് പ്രതികരിച്ചത്. നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതായും, ഇത്തരം അപകട സൂചനകൾ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായും കമ്പനി അറിയിച്ചു. മരിച്ച ആറുപേരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ ഉൾപ്പെടെ ഇരുപതിലധികം കേസുകൾ വരും ദിവസങ്ങളിൽ കാലിഫോർണിയ കോടതിയിൽ ഫയൽ ചെയ്യപ്പെടുമെന്നാണ് സൂചന

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!