ടൊറൻ്റോ: ഏകദേശം 2 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കഞ്ചാവ് ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി. മൻവീർ സിംഗ് (21), സർബ്ജീത് സിംഗ് (32), ദിൽഖാപ് സിംഗ് (21), കരൺ കുമാർ (25), ജയ്സ്കവൻ മാൽഹി (23) എന്നിവരെയാണ് യോർക്ക് റീജിയണൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേർ അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് അനധികൃത തോക്കുകളും പോലീസ് കണ്ടെടുത്തു. ഏപ്രിൽ 15-ന് നയാഗ്ര മേഖലയിൽ നിന്നാണ് കഞ്ചാവ് ഉൽപ്പന്നങ്ങൾ അടങ്ങിയ ട്രെയിലർ മോഷ്ടിക്കപ്പെട്ടത്. വിവിധ ഡിസ്പെൻസറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ ഉൽപ്പന്നങ്ങളായിരുന്നു ഇവ.

മിസിസാഗയിലെ മക്ലോഗ്ലിൻ റോഡിനും ഹൈവേ 401-നും സമീപം വെച്ചാണ് മോഷ്ടിക്കപ്പെട്ട ട്രെയിലർ പോലീസ് കണ്ടെത്തിയത്. വാഹന മോഷണം, മോഷ്ടിച്ച വസ്തുക്കൾ കൈവശം വയ്ക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്യുക, അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുക തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
