Wednesday, April 29, 2026

ഒന്റാരിയോയിൽ ഡഗ് ഫോർഡിന് തിരിച്ചടിയെന്ന്‌ സർവേ; ഒരു ദശാബ്ദത്തിനിടെ ആദ്യമായി ലിബറൽ പാർട്ടി മുന്നിൽ

ടൊറന്റോ: ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനും കൺസർവേറ്റീവ് പാർട്ടിക്കും തിരിച്ചടി നൽകിക്കൊണ്ട് പുതിയ പൊതുജന അഭിപ്രായ സർവേ ഫലം പുറത്ത്‌. ഏകദേശം പത്ത് വർഷത്തിനിടയിൽ ആദ്യമായാണ് ഒന്റാരിയോയിൽ ലിബറൽ പാർട്ടി കൺസർവേറ്റീവുകളെ മറികടന്ന് നേരിയ ഭൂരിപക്ഷത്തിൽ ഒന്നാമതെത്തുന്നത്. ലെയ്‌സൺ സ്ട്രാറ്റജീസ് നടത്തിയ സർവേയിൽ ലിബറൽ പാർട്ടിക്ക് 38 ശതമാനം പിന്തുണ ലഭിച്ചപ്പോൾ, ഭരണകക്ഷിയായ കൺസർവേറ്റീവുകൾക്ക് 36 ശതമാനം പിന്തുണയേ നേടാനായുള്ളൂ. ടൊറന്റോയിലും (44%) ജി.ടി.എ (905 മേഖല – 43%) മേഖലകളിലും ലിബറൽ പാർട്ടിയാണ് മുന്നിൽ. അതേസമയം, ഹാമിൽട്ടൺ, നയാഗ്ര തുടങ്ങിയ ഇടങ്ങളിൽ എൻ.ഡി.പി (NDP) കൺസർവേറ്റീവുകളെക്കാൾ മുന്നിലെത്തി. ഡഗ് ഫോർഡിന്റെ ഏക ആശ്വാസമായ കിഴക്കൻ ഒന്റാരിയോയിൽ 45 ശതമാനം പിന്തുണയോടെ കൺസർവേറ്റീവ് പാർട്ടി ഇപ്പോഴും കരുത്ത് നിലനിർത്തുന്നുണ്ട്‌. ഡഗ് ഫോർഡിന്റെ ജനപ്രീതി ഇടിയാൻ പ്രധാന കാരണം അടുത്തിടെ ഉണ്ടായ സ്വകാര്യ വിമാന വിവാദമാണെന്നാണ്‌ സർവേ വിലയിരുത്തുന്നത്‌. പ്രീമിയറുടെ യാത്രകൾക്കായി ഏകദേശം 30 മില്യൺ ഡോളർ ചിലവാക്കി വാങ്ങിയ ‘ചലഞ്ചർ 650’ വിമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജനങ്ങൾ വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുമ്പോൾ സർക്കാർ പണം ഇത്തരത്തിൽ ധൂർത്തടിക്കുന്നത് ശരിയല്ലെന്ന വികാരം വോട്ടർമാർക്കിടയിൽ ശക്തമായി പ്രവർത്തിച്ചു എന്നാണ്‌ കണക്കുക്കൂട്ടൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിമാനം വിൽക്കാൻ ഫോർഡ് തീരുമാനിച്ചെങ്കിലും, അത് രാഷ്ട്രീയ തിരിച്ചടി ഭയന്നാണെന്ന് 62 ശതമാനം ആളുകളും വിശ്വസിക്കുന്നു. അടുത്ത ഒന്റാരിയോ പൊതുതിരഞ്ഞെടുപ്പ് 2030 ഏപ്രിലിലാണ് നടക്കേണ്ടത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ചെയ്തതുപോലെ ഡഗ് ഫോർഡ് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നിലവിൽ 60 ശതമാനത്തിലധികം ആളുകൾ ഫോർഡിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തുന്നു എന്നത് കൺസർവേറ്റീവ് പാർട്ടിക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!