Thursday, April 30, 2026

ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി; ആൽബർട്ടയിലെ വിഘടനവാദി ഗ്രൂപ്പിനെതിരെ കോടതി

എഡ്മിന്റൻ: ആൽബർട്ടയിലെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായ സെർച്ചബിൾ ഡാറ്റാബേസായി ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിഘടനവാദി ഗ്രൂപ്പിനോട് അത് ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. സെഞ്ചൂറിയൻ പ്രോജക്റ്റ് എന്ന ഗ്രൂപ്പിനെതിരെയാണ് ഇലക്ഷൻസ് ആൽബർട്ട നിയമനടപടി സ്വീകരിച്ചത്.
ആൽബർട്ടയിലെ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഒരു മൊബൈൽ ആപ്പ് വഴി പരസ്യമാക്കിയത്. ആൽബർട്ടയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ‘റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ആൽബർട്ട’യ്ക്ക് ഔദ്യോഗികമായി നൽകിയ വോട്ടർ പട്ടികയിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഇലക്ഷൻസ് ആൽബർട്ട നൽകിയ അപേക്ഷ പരിഗണിച്ച എഡ്മിന്റൻ കോടതി ഗ്രൂപ്പിനെതിരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വ്യാഴാഴ്ചയോടെ ഡാറ്റാബേസ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി ഇലക്ഷൻസ് ആൽബർട്ട സ്ഥിരീകരിച്ചു. വോട്ടർമാരെ നേരിട്ട് കണ്ട് സംസാരിക്കാൻ വോളന്റിയർമാരെ സഹായിക്കുന്നതിനാണ് ആപ്പ് നിർമ്മിച്ചതെന്നാണ് സെഞ്ചൂറിയൻ പ്രോജക്റ്റ് നൽകുന്ന വിശദീകരണം.

തങ്ങൾ ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അവർ അറിയിച്ചു. പൊലീസും പ്രൈവസി കമ്മീഷണറുടെ ഓഫീസും സംയുക്തമായാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടത് ഗൗരവകരമായ കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ യൂറോപ്പിൽ സന്ദർശനം നടത്തുന്ന ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) തങ്ങൾ വോട്ടർ പട്ടിക ആർക്കും നിയമവിരുദ്ധമായി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. വോട്ടർ പട്ടിക ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമായതിനാൽ, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകാനാണ് സാധ്യത. വോട്ടർമാരുടെ വിവരങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണിപ്പോൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!