ഓട്ടവ: കനേഡിയൻ സമ്പദ്വ്യവസ്ഥ തുടർച്ചയായ നാലാം മാസവും വളർച്ച രേഖപ്പെടുത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 0.2 ശതമാനം വർധിച്ചു. ഉൽപ്പാദന മേഖലയിലെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് കരുത്തേകിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഫെബ്രുവരിയിൽ ഉൽപ്പാദന മേഖലയിൽ ഉണ്ടായത് (1.8%). ഒന്റാരിയോയിലെ ഓട്ടോമൊബൈൽ പ്ലാന്റുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചത് ഈ മേഖലയ്ക്ക് വലിയ ഗുണകരമായി. ഹോൾസെയിൽ വ്യാപാരം, ഗതാഗതം, വെയർഹൗസിംഗ് എന്നീ മേഖലകളും സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവ് നൽകി. എന്നാൽ പബ്ലിക് സെക്ടറിലും വിനോദ മേഖലയിലും നേരിയ തിരിച്ചടി നേരിട്ടു. ഇറ്റലിയിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ കായികതാരങ്ങൾ പങ്കെടുത്തതിനെത്തുടർന്ന് രണ്ട് ആഴ്ചയോളം എൻഎച്ച്എൽ (NHL) മത്സരങ്ങൾ നിർത്തിവെച്ചത് വിനോദ മേഖലയിലെ വളർച്ചയെ ബാധിച്ചു. മാർച്ചിലെ പ്രാഥമിക കണക്കുകൾ പ്രകാരം ജിഡിപിയിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.

എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികളും ടെക്സസിലെ റിഫൈനറിയിലുണ്ടായ സ്ഫോടനവും ഊർജ്ജ മേഖലയിലെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കണക്കുക്കൂട്ടൽ. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും താരിഫ് ഭീഷണികളും കാരണം, മുൻവർഷത്തെ അപേക്ഷിച്ച് മാനുഫാക്ചറിംഗ് രംഗത്ത് ഫെബ്രുവരിയിൽ 3.1 ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ സമ്പദ്വ്യവസ്ഥ 1.7 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൂട്ടൽ. ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിച്ച 1.5 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്. ആദ്യ പാദത്തിലെ പൂർണ്ണ റിപ്പോർട്ട് മേയ് അവസാനത്തോടെ പുറത്തുവിടും.
