Sunday, August 2, 2026

ലണ്ടന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 6 വെസ്റ്റ്‌ജെറ്റ് സര്‍വീസുകള്‍ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

ലണ്ടന്‍ ഒന്റാരിയോ: ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (YXU) നിന്നുള്ള ആറ് വെസ്റ്റ്‌ജെറ്റ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആല്‍ബര്‍ട്ടയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്. മാനേജ്മെന്റും യൂണിയനും തമ്മിലുള്ള പുതിയ തൊഴില്‍ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് വിമാന സര്‍വീസുകള്‍ സ്തംഭിക്കാന്‍ ഇടയാക്കിയത്.

കാല്‍ഗറിയിലെ കമ്പനി ആസ്ഥാനത്ത് സമരം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെങ്കിലും വേതന വര്‍ധനയിലും വിമാനം ഗ്രൗണ്ട് ഡ്യൂട്ടി വേതന കാര്യത്തിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റ് വിമാനങ്ങളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു.

‘ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതില്‍ വലിയ നിരാശയുണ്ട്. ആദ്യ വര്‍ഷം തന്നെ മികച്ച വേതന വര്‍ധനയും വിമാനം പുറപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള സമയത്തിന് വേതനവും അടക്കം മികച്ച പാക്കേജാണ് കമ്പനി മുന്നോട്ടുവെച്ചത്. എന്നാല്‍ യൂണിയന്‍ ഇത് സ്വീകരിച്ചില്ല,’ വെസ്റ്റ്‌ജെറ്റ് സിഇഒ അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോക്ക് പറഞ്ഞു.

എന്നാല്‍ വെസ്റ്റ്‌ജെറ്റ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് സി.യു.പി.ഇ 8125 പ്രസിഡന്റ് ആലിയ ഹുസൈന്‍ വ്യക്തമാക്കി. 11 മാസമായി തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്പനി തയ്യാറായില്ലെന്നും, ഈ വിഷയത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടാതെ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2026 ഒക്ടോബര്‍ മുതല്‍ 13% വേതന വര്‍ധന, 12% ഡ്യൂട്ടി പേ പ്രീമിയം, ദിനബത്തയിലെ വര്‍ധന, ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവ അടങ്ങിയ പാക്കേജാണ് കമ്പനി മുന്നോട്ടുവെച്ചിട്ടുള്ളത്. എയര്‍ കാനഡ ജീവനക്കാരുടെ മുന്‍ സമരത്തിന് സമാനമായി ഗ്രൗണ്ട് ഡ്യൂട്ടിക്കുള്ള വേതന തര്‍ക്കമാണ് നിലവില്‍ വെസ്റ്റ്‌ജെറ്റിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!