Sunday, August 2, 2026

‘പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത, ജനങ്ങളെ മാറ്റിപാര്‍പ്പിക്കും’: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പമ്പാനദിയില്‍ അതിതീവ്ര വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒട്ടുമിക്ക വീടുകളും പ്രധാന റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ മാറി ആകാശം തെളിഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. ഇതോടൊപ്പം ജില്ലയില്‍ ഇന്നലെ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ഇടപെടലുകള്‍ കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്.പത്തനംതിട്ടയില്‍ പ്രളയമുണ്ടാക്കിയത് ‘സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്’ ദുരന്തമാണെന്ന സി.പി.ഐ.എം ആരോപണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് മറുപടി നല്‍കി.

റൂള്‍ കര്‍വ് ബാധകമല്ലാത്ത മൂഴിയാര്‍ ഡാം പെട്ടെന്ന് തുറക്കേണ്ടി വന്ന സാഹചര്യം വിശദീകരിച്ച അദ്ദേഹം, കോണ്‍ഗ്രസ് നേതാക്കളെ കൂട്ടി അവലോകന യോഗം നടത്തി എന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ ആരോപണം സങ്കടകരമാണെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ സര്‍ക്കാരിന്റെ വീഴ്ച കാരണം മണിയാര്‍ ഡാമിന് ഗേറ്റുകള്‍ പോലുമില്ലാതെ രണ്ടര വര്‍ഷമായി തുറന്നിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രളയ സാഹചര്യം മാറിയാലുടന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് അടിയന്തര പണികള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍വനങ്ങളില്‍ നിലവില്‍ മഴയില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഭക്തരെ കടത്തിവിടൂ. നിലവില്‍ പമ്പയിലേക്ക് പോകുന്ന തീര്‍ത്ഥാടകരെ നിലക്കലില്‍ തടയുമെന്നും കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് തുടര്‍തീരുമാനങ്ങള്‍ എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!