ഓട്ടാവ: കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് . 2025-ലെ പൊതു റിപ്പോർട്ടിലാണ് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളെ “ദേശീയ സുരക്ഷാ ഭീഷണി” ആയി കാനഡ രേഖപ്പെടുത്തിയത്. കാനഡയിലെ സ്ഥാപനങ്ങളെ ഈ ഗ്രൂപ്പുകൾ തങ്ങളുടെ അക്രമാസക്തമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ കാനഡയിലെ വിവിധ സ്ഥാപനങ്ങൾ വഴി തങ്ങളുടെ അജണ്ടകൾ പ്രചരിപ്പിക്കുകയും കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നു. ഈ പണം പിന്നീട് അക്രമ പ്രവർത്തനങ്ങൾക്കായി വഴിതിരിച്ചുവിടുന്നു. ഇന്ത്യയുമായുള്ള ബന്ധം. ഇന്ത്യക്കുള്ളിൽ പ്രത്യേക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന ഇത്തരം വിഘടനവാദ ഗ്രൂപ്പുകളെ ന്യൂഡൽഹി നേരത്തെ തന്നെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.

329 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഫ്ലൈറ്റ് 182 ബോംബാക്രമണത്തിന്റെ 40-ാം വാർഷിക വേളയിലാണ് ഈ സുപ്രധാന റിപ്പോർട്ട് പുറത്തുവന്നത്. കാനഡ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. ഖലിസ്ഥാൻ വിഷയത്തിൽ സമാധാനപരമായി വാദിക്കുന്നത് തീവ്രവാദമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ അക്രമം പ്രോത്സാഹിപ്പിക്കുകയും കാനഡയെ താവളമാക്കി ഇന്ത്യയിൽ അക്രമങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ചെറിയൊരു വിഭാഗത്തെയാണ് തീവ്രവാദികളായി കണക്കാക്കുന്നതെന്നും കാനഡ വ്യക്തമാക്കി.
ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തെത്തുടർന്ന് വഷളായ ഇന്ത്യ-കാനഡ ബന്ധം, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നിർണ്ണായക നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ
