Sunday, May 3, 2026

വിമാനം നീങ്ങുന്നതിനിടെ എമർജൻസി എക്സിറ്റ് തുറന്ന് ടാക്സിവേയിലേക്ക് ചാടി; യാത്രക്കാരൻ കസ്റ്റഡിയിൽ

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം ടെർമിനലിലേക്ക് നീങ്ങുകയായിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറന്ന് പുറത്തേക്ക് ചാടി. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

റൺവേയിൽ നിന്ന് മാറി ടെർമിനലിലേക്ക് സാവധാനം നീങ്ങുമ്പോഴാണ് യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് ടാക്സിവേയിലേക്ക് ചാടിയത്. വിമാനത്തിനോ മറ്റ് യാത്രക്കാർക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് പൈലറ്റ് ഉടൻ ഗ്രൗണ്ട് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി ലോക്കൽ പോലീസിന് കൈമാറി. മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ പ്രധാന റൺവേ ഒരു മണിക്കൂറോളം അടച്ചിട്ടു. ഈ സമയത്ത് മറ്റ് വിമാനങ്ങൾ സെക്കൻഡറി റൺവേ വഴി തിരിച്ചുവിട്ടു.

യാത്രയ്ക്കിടെ ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ലാൻഡിങിന് തൊട്ടുമുമ്പ് ഓക്കാനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതാണോ ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്നാണ് സൂചന. സുരക്ഷാ നിയമങ്ങൾ ലംഘിച്ച് എമർജൻസി വാതിൽ എങ്ങനെ തുറക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!