വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയെ ജയിലിലെ അതീവ സുരക്ഷാ നിരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകർ. പ്രതിയായ കോൾ തോമസ് അല്ലനെ ആത്മഹത്യാ പ്രതിരോധ നടപടികളുടെ ഭാഗമായി ജയിലിൽ തടഞ്ഞുവെച്ചിരിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാഷിങ്ടൺ ഡിസിയിലെ കോടതിയെ സമീപിച്ചത്. ഏപ്രിൽ 25-ന് സുരക്ഷാ വേലികൾ ഭേദിച്ച് വെടിയുതിർത്ത കേസിലാണ് അല്ലൻ അറസ്റ്റിലായത്.
നിലവിൽ വാഷിങ്ടണിലെ ജയിലിൽ കഴിയുന്ന അല്ലനെ 24 മണിക്കൂറും പൂട്ടിയ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഫോൺ വിളിക്കാനോ അഭിഭാഷകരൊഴികെ മറ്റാരെയെങ്കിലും കാണാനോ ഇയാൾക്ക് അനുവാദമില്ല. ജയിൽ അധികൃതർ നൽകിയ പ്രത്യേക വസ്ത്രം ധരിക്കാൻ നിർബന്ധിതനായ അല്ലനെ കുളിക്കാനും നിയമപരമായ സന്ദർശനങ്ങൾക്കും മാത്രമാണ് പുറത്തിറക്കുന്നത്. വെള്ളിയാഴ്ച പരിശോധിച്ച നഴ്സ് ഈ നിബന്ധനകൾ നീക്കാൻ ശുപാർശ ചെയ്തെങ്കിലും അധികൃതർ തയ്യാറായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഇത്തരം നിയന്ത്രണങ്ങൾ വിചാരണയ്ക്ക് മുൻപുള്ള ഒരു ശിക്ഷാ നടപടിക്ക് തുല്യമാണെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള അവസരം ഇത് നിഷേധിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് അല്ലനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതി ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. ജയിൽ ടാബ്ലെറ്റുകൾ ഉപയോഗിക്കാനുള്ള അനുമതി നൽകുന്നതിലൂടെ അല്ലന് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും അതിനാൽ നിയന്ത്രണങ്ങൾ നീക്കണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം.
