ഓട്ടവ: കാനഡയുടെ റെസ്റ്ററന്റ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ 36 ശതമാനം റെസ്റ്ററന്റുകളും നഷ്ടത്തിലാണെന്ന് ‘റെസ്റ്റോറന്റ്സ് കാനഡ’യുടെ റിപ്പോർട്ട് വ്യക്തമാക്കി. സാധനങ്ങളുടെ വിലക്കയറ്റം, ഉയർന്ന നടത്തിപ്പ് ചെലവ്, ആളുകളുടെ ചെലവാക്കൽ രീതിയിലുണ്ടായ മാറ്റം എന്നിവയാണ് ഈ പ്രതിസന്ധിക്ക് കാരണം. പകുതിയോളം റെസ്റ്ററന്റുകളിലും മുൻപത്തേക്കാൾ കച്ചവടം കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ദിവസവും 2.3 കോടി ആളുകൾ ഭക്ഷണം കഴിക്കാൻ റെസ്റ്ററന്റുകളെ ആശ്രയിക്കുന്നുണ്ടെന്നും പത്തുലക്ഷത്തിലധികം പേർക്ക് ഈ മേഖല ജോലി നൽകുന്നുണ്ടെന്നും റെസ്റ്ററന്റ്സ് കാനഡ സി.ഇ.ഒ കെല്ലി ഹിഗ്ഗിൻസൺ പറഞ്ഞു. എന്നാൽ സാമ്പത്തിക ഞെരുക്കം മൂലം കാനഡക്കാർ ആദ്യം കുറയ്ക്കുന്നത് പുറത്തുനിന്നുള്ള ഭക്ഷണമാണെന്നും ഇത് ഈ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 2019-നെ അപേക്ഷിച്ച് മൂന്നിരട്ടി റെസ്റ്ററന്റുകളാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.

ഈ സാഹചര്യത്തിൽ, ഭക്ഷണസാധനങ്ങളുടെ ജി.എസ്.ടി (GST) പൂർണ്ണമായും ഒഴിവാക്കണമെന്ന് റെസ്റ്ററന്റ്സ് കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ഭക്ഷണത്തിന് നൽകിയിരുന്ന താൽക്കാലിക നികുതി ഇളവ് സ്ഥിരമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരേ തരം ഭക്ഷണസാധനങ്ങൾക്ക് വാങ്ങുന്ന സ്ഥലത്തിനനുസരിച്ച് വ്യത്യസ്ത നികുതി ഈടാക്കുന്നത് ശരിയല്ലെന്നും, നികുതി ഒഴിവാക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാകുമെന്നും റെസ്റ്ററന്റ്സ് കാനഡ വ്യക്തമാക്കി.
