എഡ്മിന്റൻ: ആൽബർട്ടയിലെ വിഘടനവാദത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ അടങ്ങിയ ലേഖനങ്ങളും പോഡ്‌കാസ്റ്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വിദേശ ശക്തികൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡിസിൻഫോ വാച്ച് (DisinfoWatch) പുറത്തുവിട്ട റിപ്പോർട്ടിലാണ് റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്.
അമേരിക്കയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് പ്രധാനമായും വ്യാജവാർത്തകൾ നിർമ്മിക്കുന്നത്. റഷ്യയിലാകട്ടെ, ‘പ്രവ്ദ ന്യൂസ് നെറ്റ്‌വർക്ക്’ (Pravda News Network) എന്നറിയപ്പെടുന്ന ക്രെംലിൻ അനുകൂല വെബ്‌സൈറ്റുകൾ വഴിയാണ് വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത്. ഒക്ടോബറിൽ ആൽബർട്ടയിൽ വിഘടനവാദവുമായി ബന്ധപ്പെട്ട ഹിതപരിശോധന നടക്കാനിരിക്കെ, ഇത്തരം ഇടപെടലുകൾ വരും ദിവസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ആൽബർട്ടയിലെ വിഘടനവാദ പ്രസ്ഥാനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടാകാമെങ്കിലും, വിദേശ രാജ്യങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രചാരണങ്ങൾ ജനാധിപത്യപരമായ സംവാദങ്ങളെ തകർക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജവാർത്തകളെ പ്രതിരോധിക്കാനും വസ്തുതകൾ ജനങ്ങളിലെത്തിക്കാനും ആൽബർട്ട പ്രവിശ്യയും കാനഡയും ഉടനടി നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
