മൺട്രിയോൾ: കെബെക്കിലെ സ്ഥിരതാമസത്തിനുള്ള അതിവേഗ കുടിയേറ്റ പദ്ധതിയായ ‘കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം’ (PEQ) പുനരാരംഭിക്കുമെന്ന് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ്. കഴിഞ്ഞ നവംബറിൽ അപ്രതീക്ഷിതമായി നിർത്തിവെച്ച ഈ പദ്ധതി അടുത്ത രണ്ട് വർഷത്തേക്ക് കൂടി ലഭ്യമാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. താൽക്കാലികമായി നിർത്തലാക്കിയ പ്രോഗ്രാം തിരികെ വരുന്നത് ആയിരക്കണക്കിന് അപേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താനുള്ള മുൻ തീരുമാനത്തെത്തുടർന്നാണ് പ്രോഗ്രാം നിർത്തിവെച്ചിരുന്നത്.
പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനത്തെ കുടിയേറ്റക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നിബന്ധനകളിലെ അവ്യക്തത വലിയ ആശങ്കയ്ക്കും കാരണമാകുന്നുണ്ട്. വർക്ക് പെർമിറ്റ് കാലാവധി കഴിയാറായ പലരും പ്രോഗ്രാമിലെ പുതിയ നിബന്ധനകൾ എന്തൊക്കെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. അപേക്ഷകൾ തയ്യാറാക്കാൻ ആഴ്ചകളോളം സമയം ആവശ്യമാണെന്നിരിക്കെ, രേഖകളെക്കുറിച്ചോ പുതിയ നിയമങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ സർക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല. കാലതാമസം ഓരോ ദിവസവും തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നാണ് അപേക്ഷകരുടെ പരാതി.

നിലവിൽ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമും (PSTQ) പുതിയ പി.ഇ.ക്യു പദ്ധതിയും തമ്മിലുള്ള സംയോജനത്തെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു. നിശ്ചിത കുടിയേറ്റ പരിധി ലംഘിക്കാതെ തന്നെ പ്രോഗ്രാം എങ്ങനെ നടപ്പിലാക്കും എന്നതിനെ ആശ്രയിച്ചിരിക്കും അപേക്ഷകരുടെ ഭാവി. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ ആറുമാസം വരെ സമയം എടുക്കാമെന്നതിനാൽ, പ്രോഗ്രാമിന്റെ വിശദാംശങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഇമിഗ്രേഷൻ നിയമവിദഗ്ധരും ആവശ്യപ്പെടുന്നു.
